കൽപറ്റ: ഇത് നീതിബോധത്തിെൻറ കാവ്യനീതിയാകാം. സ്വാധീനവും അധികാരബലവുമുള്ളവർ ഒടുക്കം നിയമവാഴ്ചക്കു മുന്നിൽ കുമ്പിടേണ്ടിവന്ന അതേ ദിനത്തിൽ, 40 വർഷം ശിക്ഷ വിധിച്ച നിരപരാധിയായൊരു ചെറുപ്പക്കാരൻ തടവറയിൽനിന്ന് പുറത്തുവരുന്നു. 2014 ഒക്ടോബർ 10ന് കുമ്പളേരി അയ്യപ്പമൂല പണിയ കോളനിയിൽനിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയ ബാബു എന്ന ആദിവാസി യുവാവിന് രണ്ടര വർഷത്തെ ജയിൽവാസത്തിനു ശേഷം ഹൈകോടതി ജാമ്യം നൽകിയ ദിവസത്തിലാണ് മുൻ സി.ഡബ്ല്യു.സി ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകവും വിദഗ്ധ അംഗം സിസ്റ്റർ ഡോ. ബെറ്റിയും പേരാവൂരിൽ സി.െഎ സുനിൽകുമാറിനു മുന്നിൽ കീഴടങ്ങിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആചാരപ്രകാരം വിവാഹം െചയ്തതിനാണ് ബാബുവിനെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം (പോക്സോ) പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. അന്ന് വയനാട് സി.ഡബ്ല്യു.സി ചെയർമാനായിരുന്ന ഫാ. തേരകം മുൻകൈയെടുത്താണ്, ബാബുവിനെപ്പോലെ ആചാരപ്രകാരം വിവാഹിതരായ ഒേട്ടറെ ആദിവാസി യുവാക്കളെ കേസിൽ കുടുക്കിയത്. തേരകത്തിെൻറ പ്രത്യേക നിർദേശ പ്രകാരം ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം തുടങ്ങിയ കഠിന വകുപ്പുകൾ ചാർത്തി പൊലീസ് കേസെടുത്തതോടെ പലരുടെയും ജീവിതം തടവറക്കുള്ളിലായി. മണിയറയിൽനിന്ന് ആദിവാസി യുവാക്കൾ തടവറയിലെത്തുന്ന ദയനീയാവസ്ഥ 2015 ഡിസംബർ 17ന് മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്.
തുടർന്ന് മനുഷ്യാവകാശ പ്രവർത്തകർ ചേർന്ന്, ആദിവാസി വിവാഹങ്ങളിൽ പോക്സോ ചുമത്തുന്നതിെനതിരെ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭരംഗത്തിറങ്ങി. ആദിവാസി വിവാഹങ്ങളിൽ പോക്സോ ചാർത്തരുതെന്ന് അന്നത്തെ വയനാട് ജില്ല കലക്ടർ കേശവേന്ദ്രകുമാർ പിന്നീട് നിർദേശം നൽകുകയായിരുന്നു. 2015 സെപ്റ്റംബർ 15ന് കൽപറ്റ പോക്സോ കോടതി ജഡ്ജി പഞ്ചാപകേശൻ ബാബുവിനെ വിവിധ വകുപ്പുകളിലായി 40 വർഷം ശിക്ഷിച്ചതിനെതിരെ സമരസമിതിയാണ് ഹൈകോടതിയിൽ അപ്പീൽ നൽകിയത്. രണ്ടര വർഷമായിട്ടും പുറംലോകം കാണാനാവാത്ത ബാബുവിെൻറ ദൈന്യതയും കുടുംബത്തിെൻറ ദുരവസ്ഥയും 2017 ഫെബ്രുവരി 27ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ടു വയസ്സായ മകൻ സബിനെ കോടതി വളപ്പിൽ രണ്ടുതവണ ദൂരെനിന്ന് കാണാൻ മാത്രമേ ബാബുവിന് കഴിഞ്ഞുള്ളൂ. ഒന്നെടുത്തോെട്ടയെന്ന് ചോദിച്ചപ്പോൾ പൊലീസുകാർ അനുവദിച്ചിരുന്നില്ല. അഡ്വ. വി.ടി. രഘുനാഥാണ് ബാബുവിനു വേണ്ടി ഹൈകോടതിയിൽ ഹാജരായത്. 40,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്താണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
ആദിവാസി യുവാക്കൾക്കെതിരെ അന്യായമായി പോക്സോ എന്ന വാളെടുത്തു വീശിയ ഫാ. തേരകവും ബെറ്റിയും പോക്സോയിൽ കുരുങ്ങുന്നത് അവിശ്വസനീയതയോടെയാണ് വയനാട് കണ്ടുനിന്നത്. ബാബു ജാമ്യം ലഭിച്ച് പുറത്തുവരുേമ്പാൾ കുറ്റവാളികളുടെ രൂപത്തിൽ അതേ പോക്സോ കോടതിയിൽ ഫാ. തേരകവും ബെറ്റിയും ശിരസ്സു കുനിച്ചു നിൽക്കുന്നത് കാലം കാത്തുവെച്ച യാദൃച്ഛികതയാവാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.