തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ തമ്മിലുണ്ടായിരുന്ന ഒത്തൊരുമ നഷ്ടപ്പെട്ടതോടെ അന്വേഷണങ്ങളും ഏറക്കുറെ നിലച്ചു. സ്വർണക്കടത്ത് അന്വേഷണത്തിനിടയിൽ കണ്ടെത്തിയ ഡോളർ കടത്ത്, ഭൂമിയിടപാട് തുടങ്ങിയ കാര്യങ്ങളിലാണ് ഇപ്പോൾ ഉൗന്നലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
നയതന്ത്ര ബാഗേജിൽ വന്ന സ്വർണം പിടിച്ചതു കസ്റ്റംസ് ആണെങ്കിലും പിന്നീട് എൻ.െഎ.എ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയും അന്വേഷണത്തിനിറങ്ങി. ഏജൻസികൾ വിവരങ്ങൾ പങ്കിടുകയും ചെയ്തിരുന്നു. എന്നാൽ, അന്വേഷണം പുരോഗമിച്ചതോടെ ഇവ തമ്മിെല ബന്ധത്തിൽ അകൽച്ച വന്നു. സ്വർണക്കടത്തിൽ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന നിലയിൽ മറ്റ് ഏജൻസികൾ സംശയം പ്രകടിപ്പിച്ചു.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ ഒാവർടേക് ചെയ്യുന്നെന്ന പരാതിയും കസ്റ്റംസിനുണ്ടായി. സ്വർണക്കടത്തിെൻറ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്നനിലയിൽ കസ്റ്റംസും ഇ.ഡിയും മുന്നോട്ട് പോയപ്പോൾ അവരെ അപ്പാടെ തള്ളുകയായിരുന്നു എൻ.െഎ.എ. ശിവശങ്കറെ പ്രതിയാക്കാതെ എൻ.െഎ.എ കുറ്റപത്രവും സമർപ്പിച്ചു. അതോടെ ദേശീയ ഏജൻസികൾ തമ്മിലെ അകലം വർധിച്ചു.
കേന്ദ്ര സർക്കാറിെൻറ ഉൾപ്പെടെ നിയന്ത്രണങ്ങൾ കൂടി വന്നതോടെ ഏജൻസികളുടെ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടായി. പ്രതികളെ മാറിമാറി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തെങ്കിലും രഹസ്യമൊഴി ലഭിച്ചത് കസ്റ്റംസിനാണ്. കോടതി അനുമതിയോടെ ഇ.ഡിയും ചോദ്യം ചെയ്തെങ്കിലും കസ്റ്റംസിന് ലഭിച്ച രീതിയിലുള്ള മൊഴികൾ കിട്ടിയില്ല.
ഇപ്പോൾ ആ രഹസ്യമൊഴികളെ ചൊല്ലി ഇ.ഡിയും കസ്റ്റംസും തർക്കത്തിലേക്ക് നീങ്ങുകയാണ്. രഹസ്യമൊഴികൾ ഇ.ഡിക്ക് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികളായതിനാൽ കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് കസ്റ്റംസ്. രഹസ്യമൊഴി ഇ.ഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. ഇ.ഡിയുടെ ഹരജിയിൽ മാർച്ച് രണ്ടിന് കോടതി വിധി പറയും.
അതിനു മുമ്പ് കുറ്റപത്രം സമർപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസ് ശ്രമം. അതിനു മുന്നോടിയായി പ്രതിസ്ഥാനത്തുള്ളവർക്ക് കസ്റ്റംസ് കമീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.