തിരുവനന്തപുരം: ജനങ്ങൾക്കു മീതെ കൃത്യമായ ആധിപത്യം പുലർത്താൻ കഴിയുന്ന ഒരു 'ഡീപ് പൊലീസ് സ്റ്റേറ്റി'നെയാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. കേരള പോലിസ് ആക്റ്റിലെ 118 (എ) വകുപ്പ് ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനം പൊലീസിന് പൗരാവകാശങ്ങൾക്ക് മീതെ അമിതാധികാരം നൽകുന്നതാണെന്നും ഇത് അങ്ങേയറ്റം ഗൗരവതരമാണെന്നും മുനീർ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
പൊലിസ് ഭരണകൂടത്തിൻെറ മർദനോപാധിയാണെന്ന് നിരന്തരം നിലവിളിച്ചവരാണ് സൈബർ കുറ്റകൃത്യം തടയാനെന്ന വ്യാജേന വാറണ്ടില്ലാതെ അറസ്റ്റിന് അധികാരം നൽകുന്ന തരത്തിൽ പൊലിസ് നിയമം പൊളിച്ചെഴുതുന്നത്. ഇത് മനുഷ്യാവകാശ ലംഘനങ്ങൾക്കുള്ള അനാവശ്യ സ്വാതന്ത്ര്യമായി തീരും.
ഇതിനെതിരെ പൗരസ്വതന്ത്ര്യത്തിനായി നിലകൊള്ളുന്ന ജനാധിപത്യ സമൂഹം നിലപാട് എടുത്തില്ലെങ്കിൽ സർവ്വധിപതികളാൽ അഭിപ്രായ സ്വാതന്ത്ര്യം പോലും നിശ്ചയിക്കപ്പെടുന്ന നിശബ്ദ മനുഷ്യരായി നമ്മൾ മാറുമെന്നും എം.കെ. മുനീർ അഭിപ്രായപ്പെട്ടു.
പൊലീസിന് പൗരാവകാശങ്ങൾക്ക് മീതെ അമിതാധികാരം നൽകുന്നതാണ് ഹൈകോടതി ഇടപെടലിൻെറ മറവിൽ കേരള പൊലീസ് ആക്റ്റിലെ 118 (എ) വകുപ്പ് ഭേദഗതി ചെയ്യാനുള്ള എൽ.ഡി.എഫ് സർക്കാർ തീരുമാനം. ഇത് ഒട്ടും നിസ്സാരമല്ല, അങ്ങേയറ്റം ഗൗരവമുള്ളതാണ്; ആവിഷ്കാര സ്വതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സർക്കാരിൻെറ ഏകാധിപത്യ സമീപനമാണ് പിണറായി ഗവൺമെൻറും പിന്തുടരുന്നത്.
പൊലീസ് ഭരണകൂടത്തിൻെറ മർദനോപാധിയാണെന്ന് നിരന്തരം നിലവിളിച്ചവരാണ് സൈബർ കുറ്റകൃത്യം തടയാനെന്ന വ്യാജേന വാറണ്ടില്ലാതെ അറസ്റ്റിന് അധികാരം നൽകുന്നതിനായി പൊലീസ് നിയമം പൊളിച്ചെഴുതുന്നത്.
ജനങ്ങൾക്കു മീതെ കൃത്യമായ ആധിപത്യം പുലർത്താൻ കഴിയുന്ന ഒരു 'ഡീപ് പൊലീസ് സ്റ്റേറ്റി'നെയാണ് ഭരിക്കുന്നവർ വിഭാവനം ചെയ്യുന്നതെന്ന് ചുരുക്കം. അതും പൊലീസിൻെറ അമിതാധികാര പ്രമത്തത നിലനിൽക്കുന്നുവെന്ന് സുപ്രീംകോടതിക്ക് പോലും പറയേണ്ടി വരുന്ന കാലത്ത്; സ്വാതന്ത്ര്യ മാധ്യമ പ്രവർത്തനത്തെയും സാധാരണ പൗരൻെറ അഭിപ്രായപ്രകടനങ്ങളേയും ഒരുപോലെ ബാധിക്കുന്നതാണിത്.
അപമാനിക്കലും അപകീർത്തിപ്പെടുത്തലും എന്തെന്ന് നിർണയിക്കുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥനത്രെ. ഇത് നിശ്ചയമായും മനുഷ്യാവകാശ ലംഘനങ്ങൾക്കുള്ള അനാവശ്യ സ്വാതന്ത്ര്യമായി തീരും. സർക്കാർ കാര്യങ്ങൾ മാധ്യമങ്ങളെ ഇൻഫോം ചെയ്താൽ ക്രിമിനൽ കേസ്സെടുക്കുമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ ഇതോടൊപ്പം കൂട്ടി വായിക്കുക. പി.ആർ.ഡി ഫാക്ട് ചെക്ക് എന്ന പേരിൽ മീഡിയകൾ വസ്തുതകൾ പറയുന്നതിനെ ശരിയല്ലെന്ന് പ്രചരിപ്പിക്കുന്ന രീതിയായിരുന്നു ഇത്.
ജനാധിപത്യ വിരുദ്ധവും ഭരണഘടനാ സ്ഥാപനങ്ങളോടുള്ള വെല്ലുവിളിയും നിറഞ്ഞ ഈ ഏകാധിപത്യ-അജണ്ടയെ കേരളത്തിലെങ്കിലും അനുവദിക്കില്ലെന്ന് പൗരസ്വതന്ത്ര്യത്തിനായി നിലകൊള്ളുന്ന ജനാധിപത്യ സമൂഹം നിലപാട് എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം സർവ്വാധിപതികളാൽ അഭിപ്രായ സ്വാതന്ത്ര്യം പോലും നിശ്ചയിക്കപ്പെടുന്ന നിശബ്ദ മനുഷ്യരായി നമ്മളൊക്കെയും മാറും!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.