തിരുവനന്തപുരം: ട്രാക്കിൽ വീണ അജിത്തിന്റെ കണ്ണീരിന് ഒടുവിൽ സർക്കാർ വിലയിട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സ്ഥലം വാങ്ങി വീടുവെക്കുന്നതിന് 10 ലക്ഷം. ഇനി പ്രളയം തകർത്ത ഭൂമിയിൽ, അച്ഛന്റെ ചിത ഉപേക്ഷിച്ച്, രോഗിയായ മാതാവിന്റെയും പറക്കമുറ്റാത്ത കൂടപ്പിറപ്പുകളുടെയും കൈപിടിച്ച് അജിത്തിന് പടിയിറങ്ങാം. മലപ്പുറം കടകശേരി ഐഡിയൽ ഇംഗ്ലീഷ് എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയായ അജിത്തിന്റെ മാതാപിതാക്കളായ രാമചന്ദ്രനും ശാന്തയും ആറുവർഷം മുമ്പാണ് 11 ലക്ഷം രൂപക്ക് ഏറനാട് കീഴുപറമ്പ് തൃക്കളയൂരിൽ ചെറിയൊരു വീട് പണിതത്. ഇന്നും അതിന്റെ കടം ബാക്കി. പണി പകുതിയായപ്പോഴാണ് 2018ലെ പ്രളയം വീടിന്റ അടിത്തറ ഇളക്കിയത്. മുൻഭാഗം പൂർണമായി ഇടിഞ്ഞു. ചുമരുകൾ വിണ്ടുകീറി ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥ. വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. സഹായത്തിന് സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നതിനിടയിലാണ് കൂലിപ്പണിക്കാരായ രാമചന്ദ്രനും ശാന്തക്കും ജോലിക്ക് പോകാനാവാത്ത തരത്തിൽ ഗുരുതര രോഗങ്ങൾ പിടിപെട്ടത്. ഓരോ മഴയിലും വീടിന്റെ മുൻവശത്തെ മണ്ണ് ഒലിച്ചുപോകുന്നതോടെ അടിയന്തരമായി വീടൊഴിയാൻ ജിയോളജി വകുപ്പ് നവംബറിൽ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ വെള്ളിയും ഹാമർത്രോയിൽ വെങ്കലും നേടിയ അജിത്തിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ ‘മാധ്യമ’മാണ് പുറംലോകത്തെ അറിയിച്ചത്. കുടുംബം പോറ്റാൻ രോഗാവസ്ഥ അവഗണിച്ച് കൂലിപ്പണിക്കിറങ്ങിയ രാമചന്ദ്രൻ കഴിഞ്ഞമാസം തൊഴിൽസ്ഥലത്ത് ഹൃദയാഘാതം വന്ന് മരിച്ചു. ‘നീ സംസ്ഥാന, ദേശീയതലങ്ങളിൽ നാലാളറിയുന്ന പ്രകടനം നടത്തിയാലേ നമ്മുടെ കഷ്ടപ്പാടുകൾക്ക് അറുതിയാവൂ’ എന്ന അച്ഛന്റെ അവസാനവാക്കുകളാണ് അജിത്തിനെ മുന്നോട്ടുനയിക്കുന്നത്.
അച്ഛന്റെ ചിത കത്തി മൂന്നാംദിനം സംസ്ഥാന യൂത്ത് അത്ലറ്റിക് മീറ്റിൽ ഷോട്ട്പുട്ടിൽ സ്വർണം നേടി ഈ മിടുക്കൻ വീണ്ടും വാർത്തകളിൽ നിറഞ്ഞു. രാമചന്ദ്രന്റെ മരണശേഷം നാട്ടുകാരുടെയും സന്നദ്ധസംഘങ്ങളുടെയും സഹായത്തോടെയാണ് ഇവർ ജീവിക്കുന്നത്. ഈ പത്ത് ലക്ഷം കൊണ്ട് വീട് പൂർത്തീകരിക്കാനായില്ലെങ്കിൽ പഠനവും കായികജീവിതവും പാതിവഴിയിൽ ഉപേക്ഷിച്ച് കുടുംബം പോറ്റാൻ അജിത് ഇറങ്ങും; ട്രാക്കിലേക്കല്ല, കൂലിപ്പണിക്ക്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.