തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലികളിൽ നിർണായക പങ്ക് വഹിക്കുന്ന പൊലീസ്, റവന്യൂ വകുപ്പുകളിലെ മൂന്ന് വർഷത്തിലധികം ഒരേ തസ്തികയിൽ തുടരുന്ന ഉദ്യോഗസ്ഥരെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റണമെന്ന ചട്ടം ഓർമിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ. അതേസമയം, ഏഴ് മാസം മാത്രം സർവിസ് ശേഷിക്കുന്ന ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റാൻ വൈമനസ്യം പ്രകടിപ്പിച്ച് സർക്കാർ.
കഴിഞ്ഞദിവസം മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ അനൗപചാരികമായി സർക്കാറിനെ ഇക്കാര്യം അറിയിച്ചതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമീഷൻ ഇൗ വിഷയത്തിൽ ഒൗദ്യോഗിക നടപടി സ്വീകരിക്കുമെന്നാണറിയുന്നത്. കഴിഞ്ഞ ജൂണിൽ പൊലീസ് മേധാവി കസേരയിൽ ബെഹ്റ മൂന്ന് വർഷം പൂർത്തിയാക്കി. അടുത്തവർഷം ജൂണിൽ അദ്ദേഹം സർവിസിൽനിന്ന് വിരമിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പൊലീസ് തലപ്പത്ത് മാറ്റത്തിന് നടപടി തുടങ്ങണമെന്ന നിർദേശമാണ് ആഭ്യന്തര വകുപ്പും മുന്നോട്ടുെവച്ചത്.
ബെഹ്റ മാറുംമുമ്പ് പകരക്കാരാകേണ്ടവരുടെ പട്ടിക കേന്ദ്ര സർക്കാറിന് കൈമാറണം. ഇതിൽ േയാഗ്യതയുള്ള മൂന്നുപേരെ യു.പി.എസ്.സി പട്ടികയിൽനിന്ന് തെരഞ്ഞെടുത്ത് സംസ്ഥാന സർക്കാറിന് കൈമാറും. ഇതിൽ നിന്നാണ് സംസ്ഥാന സർക്കാർ ഒരാളെ തെരഞ്ഞെടുക്കേണ്ടത്. ഇത്തരം നടപടിക്രമങ്ങൾക്കുള്ള കാലതാമസമാണ് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. ലോക്നാഥ് ബെഹ്റ മാറുകയാണെങ്കിൽ സാധ്യത പട്ടികയിൽ വരുന്നത് ഡി.ജി.പിമാരായ ജയിൽ േമധാവി ഋഷിരാജ് സിങ്, ടോമിൻ ജെ. തച്ചങ്കരി, വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, ഡോ. ബി. സന്ധ്യ എന്നിവരാണ്. ടോമിൻ ജെ. തച്ചങ്കരി, ഋഷിരാജ്സിങ് എന്നിവരോടാണ് സർക്കാറിന് താൽപര്യം. കൂടുതൽ താൽപര്യം തച്ചങ്കരിേയാടാണെന്നറിയുന്നു.
എന്നാൽ, ബെഹ്റ നിയമസഭ തെരഞ്ഞെടുപ്പ് വരെ തുടരട്ടെയെന്ന നിലപാടാണ് സർക്കാറിനുള്ളത്. ഡി.ജി.പി തുടരുന്നത് ചട്ടലംഘനമൊന്നുമാകില്ലെന്ന നിലയിൽ നിയമോപദേശം ലഭിച്ചത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.