സണ്ണി എം. കപിക്കാട് സമരവേദിയിൽ
തിരുവനന്തപുരം: ആശ സമരത്തോട് സംസ്ഥാന സർക്കാർ പുലർത്തുന്നത് ക്രൂരമായ സമീപനമാണെന്ന് ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ആറുദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നിരാഹാര സമരം നടത്തുകയാണ്. ഏത് അവസരത്തിലും നിരാഹാര സമരം നടത്തുന്ന വ്യക്തികളുടെ ആരോഗ്യനില പരിശോധിക്കുകയും ആവശ്യമായ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടത് സർക്കാരാണ്.
എന്നാൽ ആശാവർക്കർമാരുടെ സമരവേദിയിലേക്ക് ഒരുതവണ പോലും മെഡിക്കൽ സംഘത്തെ അയക്കാനോ ആരോഗ്യം നില പരിശോധിക്കാനോ സർക്കാർ തയാറായിട്ടില്ല. ആശാവർക്കർമാരോട് സർക്കാറിനുള്ളത് അനുഭാവ പൂർണമായ സമീപനമാണ് എന്ന് മന്ത്രി ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും പ്രസ്താവനകളിലെ പൊള്ളത്തരം വെളിവാക്കുന്നതാണ് ഈ സമീപനം.
ഇതേ സമീപനമാണ് ആശ വർക്കർമാർ ഉയർത്തുന്ന ആവശ്യങ്ങളുടെ കാര്യത്തിലും സർക്കാർ പുലർത്തുന്നത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾക്ക് ഒപ്പം തന്നെ തുച്ഛമായ ഓണറേറിയത്തിന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക, 62 വയസിലെ വിരമിക്കൽ ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ദീർഘകാലമായി ഉന്നയിക്കുന്നതാണ്.
ഈ ആവശ്യങ്ങൾ പോലും അംഗീകരിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവിൽ ഓണറേറിയത്തിന് മേൽ ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ ഭൂരിഭാഗവും ഇൻസെന്റീവിലേക്ക് മാറ്റുകയും അതുവഴി ഇൻസെന്റീവ് കുറയുന്നവർക്ക് ഓണറേറിയവും പകുതിയായി കുറയുന്ന തരത്തിൽ പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്തത്. രാപ്പകൽ ഇല്ലാതെ അധ്വാനിക്കുന്ന ആശ വർക്കർമാർ ഉന്നയിക്കുന്ന ന്യായമായ ഡിമാൻഡുകളോട് ജനാധിപത്യപരമായ രീതിയിൽ പ്രതികരിക്കാൻ എങ്കിലും സർക്കാർ തയാറാകണം എന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത് എന്ന് സംസ്ഥാന പ്രസിഡൻറ് സദാനന്ദൻ പറഞ്ഞു.
സെക്രട്ടറിയേറ്റ് പടിക്കൽ ഫെബ്രുവരി 10ന് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാവർക്കർമാരായ കെ.പി. തങ്കമണി, ശൈലജ. എസ് എന്നിവരാണ് ഇപ്പോൾ സമരം തുടരുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് നിരാഹാര സമരം നടത്തിവന്ന ശോഭ. എം എന്ന ആശാവർക്കറെ ഇന്ന് ഉച്ചക്കുശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ശൈലജ സമരം ഏറ്റെടുത്തതെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.