തിരുവനന്തപുരം: മന്ത്രിമാർ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന അസാധാരണ മുന്നറിയിപ്പുമായി ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ വ്യക്തിപരമായി മന്ത്രിമാർ നടത്തിയാൽ 'പ്രീതി' (പ്ലഷർ) പിൻവലിക്കുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കുകയായിരുന്നു.
('പ്രീതിതത്വം' അഥവാ ഡൊക്ട്രിൻ ഓഫ് പ്ലഷർ എന്നത് ഇംഗ്ലിഷ് നിയമത്തിൽ ഉടലെടുത്ത പ്രമാണമാണ്. രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴിൽ നിലനിൽക്കുന്നതെന്നതാണ് ഇതിലെ ധാർമികതത്വം. ആയതിനാൽ, രാജാവിന് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ, അപ്രീതിക്ക് കാരണമായാൽ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാം)
സർക്കാറും ഗവർണറും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന ഭിന്നതക്ക് ആക്കം കൂട്ടുംവിധമാണ് മന്ത്രിമാരെ പുറത്താക്കുമെന്ന ഭീഷണിയുമായി ഗവർണർ പരസ്യമായി രംഗത്തുവന്നത്. സർവകലാശാല വിഷയത്തിൽ ഗവർണർക്കെതിരെ മന്ത്രി ആർ. ബിന്ദു അടക്കം നടത്തിയ പരാമർശമാണ് ഗവർണറെ ചൊടിപ്പിച്ചതെന്നാണ് സൂചനകൾ.
അതേസമയം, മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരിയെ പോലെ ഭരണഘടന വിദഗ്ധർ അഭിപ്രായപ്പെട്ടു. ഗവർണർക്ക് ഇതിന് അധികാരമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഭരണഘടനാപരമായി ചെറുക്കുമെന്ന് വ്യക്തമാക്കി.
അതേസമയം, നിയമപരിശോധനക്ക് ശേഷമാണ് ഗവർണർ പ്രതികരിച്ചതെന്നാണ് വിവരം. മന്ത്രിമാരെ പുറത്താക്കുമെന്ന ഗവർണറുടെ ഭീഷണി സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. വി.സി നിയമനം അടക്കം വിഷയങ്ങളിൽ സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നതയും നിലനിൽക്കുകയാണ്.
കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ െസർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറാകാത്തതിനെ തുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ നീക്കിയിരുന്നു. ഇവർ ഒഴിഞ്ഞുനിന്നതിനെ തുടർന്ന് േക്വാറം തികയാത്തതിനാൽ സിൻഡിക്കേറ്റ് യോഗത്തിന് പ്രതിനിധിയെ തെരഞ്ഞെടുക്കാനായിരുന്നില്ല.
ആർ.എസ്.എസിന്റെ പാളയത്തിൽ പോയാണ് ഗവർണർ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. പാസാക്കിയ സർവകലാശാല ഭേദഗതി ബിൽ ഇപ്പോഴും ഒപ്പിടാതെ ഗവർണറുടെ ൈകയിലുണ്ടെന്നും ബില്ലിൽ ന്യൂനതകളുണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടി തിരിച്ചയക്കുകയോ സർക്കാറിന്റെ അഭിപ്രായം ആരായുകയോ ചെയ്യാതെ ബിൽ പിടിച്ചുെവച്ചിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ഭരണഘടനാബാധ്യത നിറവേറ്റുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതാണ് ഗവർണറെ പെട്ടെന്ന് പ്രകോപിപ്പിച്ചതെന്നാണ് സൂചനകൾ.
തിരുവനന്തപുരം: ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഭരണഘടനവിരുദ്ധ നടപടികളെ ഭരണഘടന ഉയർത്തിപ്പിടിച്ചുതന്നെ ചെറുത്തുതോൽപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണറുടെ ഉള്ളിലിരിപ്പ് അറിയില്ല. താൻ ആർ.എസ്.എസാണ് എന്ന് പരസ്യമായി പറഞ്ഞ ആളാണ്. ആർ.എസ്.എസ് ഉദ്ദേശിക്കുന്നത് നടപ്പാക്കാൻ ബാധ്യതയുള്ള ആളെപ്പോലെയാണ് പെരുമാറുന്നതെന്ന് പറഞ്ഞാൽ കുറ്റപ്പെടുത്താനാകില്ല. സർക്കാറിനെ അസ്ഥിരപ്പെടുത്താൻ നീക്കമുണ്ട്. ഈ നിലപാടിനോട് വിധേയപ്പെടാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ വിമർശിച്ചാൽ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവർണറുടെ ഭീഷണി ഭരണഘടനയെക്കുറിച്ചും പാർലമെൻററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണ്. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ രാജ്ഭവൻ രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുകയാണ്.
അദ്ദേഹത്തിന്‍റെ ഒടുവിലത്തെ ഇടപെടൽ ജനങ്ങൾക്കും ജനാധിപത്യസംവിധാനത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്കും നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാനാകൂ. ഭരണഘടനയുടെ മർമത്താണ് ഗവർണർ കുത്തിയത്. ജനാധിപത്യത്തിന് കളങ്കം ചാർത്തുന്ന ഇത്തരം ശ്രമങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറണം.
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുകയും സർവകലാശാലകളിൽ അനാവശ്യ കൈകടത്തലുകൾ നടത്തുകയും ചെയ്യുന്നതാണോ ഭരണഘടനയുടെ അന്തസ്സെന്ന് ഗവർണർ വ്യക്തമാക്കണം. ട്വീറ്റ് അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഗവർണറുടെ അന്തസ്സിനെ ഹനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് മന്ത്രി ആർ. ബിന്ദു. ഗവർണറുടെ ട്വീറ്റിൽ ഏതെങ്കിലും മന്ത്രിയെ പേര് എടുത്തുപറഞ്ഞിട്ടില്ല.
ഒരു പ്രത്യേക പ്രസ്താവനയെ കുറിച്ചും പറഞ്ഞിട്ടില്ല. മന്ത്രിമാർ അങ്ങനെ സംസാരിച്ചിട്ടില്ല, സംസാരിക്കാറില്ല. സംയമനത്തോടെയാണ് സംസാരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.