തിരുവനന്തപുരം: വിമർശിച്ചാൽ മന്ത്രിമാരുടെ പദവി പിൻവലിക്കുമെന്ന ഗവർണറുടെ ട്വീറ്റിനെ ചൊല്ലി നിയമവിദഗ്ധർക്ക് ഭിന്നാഭിപ്രായം. ഗവർണർ അത്തരത്തിൽ നടപടിയെടുത്താൽ സർക്കാറിന് കോടതിയെ സമീപിക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ നടപടി അസാധാരണമാണെന്ന അഭിപ്രായമാണെന്നാണ് പൊതുവിലുള്ളത്. മന്ത്രിമാരെ സ്വന്തം ഇഷ്ടപ്രകാരം നീക്കുകയെന്ന കടുത്ത നടപടിയിലേക്ക് ഗവർണർമാർ കടന്ന സാഹചര്യം മുമ്പൊരിക്കലുമുണ്ടായിട്ടില്ല. എന്നാൽ, ഭരണഘടനയിൽ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടിയെന്ന അഭിപ്രായവും ചില നിയമവിദഗ്ധർക്കുണ്ട്.
ഗവർണർക്ക് 'ഇഷ്ടമുള്ളിടത്തോളം' കാലം മന്ത്രിമാർക്ക് ഉദ്യോഗം വഹിക്കാമെന്നാണ് ഭരണഘടനയുടെ 164 അനുച്ഛേദത്തിൽ പറയുന്നത്. അതിന്റെ ചുവടുപിടിച്ചാണ് ഗവർണറുടെ നീക്കമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമൊന്നുമില്ലെന്നാണ് എതിർവിഭാഗത്തിന്റെ മറുപടി. ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭ ഉണ്ടാകണമെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്.
ഗവർണർ ചെയ്യുന്ന എന്തെങ്കിലും നടപടിയുടെ സാധുത ചോദ്യം ചെയ്യപ്പെടാൻ പാടില്ല. മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കേണ്ടതും മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശത്തിന്മേൽ ഗവര്‍ണർ നിയമിക്കേണ്ടതുമാണ്. മന്ത്രിമാർ ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളംകാലം ഉദ്യോഗം വഹിക്കാവുന്നതാണ് അനുച്ഛേദം 164ൽ പറയുന്നത്. ഭരണഘടനയിലെ ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് മന്ത്രിമാരെ നീക്കാനാകുമെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ അനുമതിയോ, അദ്ദേഹവുമായി കൂടിയാലോചിക്കുകയോ ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം ഗവർണർക്ക് മന്ത്രിമാരെ നീക്കാൻ കഴിയില്ലെന്ന അഭിപ്രായവുമുണ്ട്.
ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളം പദവിയിൽ തുടരാമെന്നു ഭരണഘടനയിൽ പറയുന്നതിലെ 'ഇഷ്ടത്തിനെ' തോന്നിയ രീതിയിൽ വ്യാഖ്യാനിക്കാനാകില്ലെന്ന അഭിപ്രായമുണ്ട്. ഗവർണർ സ്വന്തംനിലയിൽ മന്ത്രിമാരെ നീക്കിയാൽ അതു സമാന്തരഭരണമാകും. ഭരണത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നുമാണ് ലോക്സഭ മുൻ സെക്രട്ടറി പി.ഡി.ടി. ആചാരി ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.