കേരളത്തിൽ കലുഷിതാന്തരീക്ഷം സൃഷ്ടിക്കാന്‍ ഗവർണർ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കലുഷിതാന്തരീക്ഷം സൃഷ്ടിക്കാന്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണമായ നടപടികളാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ഒരു പ്രതിഷേധം കാണുമ്പോള്‍ അതിന് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് എവിടെയെങ്കിലുമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ് ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുക എന്നത്. ക്രിമിനല്‍സ്, ബ്ലഡി, റാസ്‌ക്കല്‍സ് എന്നൊക്കെയുള്ള കഠിന പദങ്ങളാണ് വിദ്യാർഥികൾക്ക് നേരെ വിളിച്ചുപറയുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ വിധത്തിലാണോ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

എന്തും വിളിച്ചു പറയാനുള്ള മാനസികാവസ്ഥയില്‍ ഗവർണർ എത്തിയിരിക്കുകയാണ്. ബ്ലഡി കണ്ണൂര്‍ എന്നാണ് പറയുന്നത്. വ്യക്തിപരമായി മാത്രമല്ല ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വളരെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം തുടരുകയാണ്. ഇന്നലെ പൊലീസിനെ ഉപയോഗിച്ച് ഗവർണർ നീക്കിയ ബാനറുകൾക്ക് പകരം കാമ്പസിൽ വീണ്ടും നിരവധി ബാനറുകൾ സ്ഥാപിച്ചു. സംഭവത്തിൽ രാജ്ഭവൻ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. വൈസ് ചാൻസലർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. 

Tags:    
News Summary - Governor wants to create an atmosphere of coflict in Kerala -Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.