തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ തുടർനടപടി സ്വീകരിക്കാത്തതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ കോടതിയിലേക്ക്. ഈ വിഷയത്തിൽ സുപ്രീംകോടതിയെ ഉൾപ്പെടെ സമീപിക്കാമെന്ന നിയമോപദേശമാണ് സർക്കാറിന് ലഭിച്ചത്. ഭരണഘടന വിദഗ്ധൻ ഫാലി എസ്. നരിമാനിൽ നിന്നുൾപ്പെടെയാണ് നിയമോപദേശം തേടിയത്.
സർവകലാശാല നിയമത്തിന് വിരുദ്ധമായി സാങ്കേതിക സർവകലാശാലയിൽ വി.സിയുടെ ചുമതല നൽകിയ നടപടിയെ കോടതിയിൽ ചോദ്യംചെയ്യാനും സർക്കാർതലത്തിൽ ധാരണയായി. ഇതിന്റെ ഫയലുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന് അഡ്വക്കറ്റ് ജനറലിന് കൈമാറി.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള നിയമനിർമാണത്തിലും നിയമോപദേശം തേടിയിട്ടുണ്ട്. വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കത്തെ ചെറുക്കാനുള്ള നിയമമാർഗങ്ങൾ സംബന്ധിച്ച് മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലുമായും നിയമവകുപ്പ് വൃത്തങ്ങൾ ചർച്ച നടത്തി. പ്രത്യേക നിയമസഭ സമ്മേളനം ചേർന്ന് പാസാക്കിയ ലോകായുക്ത ഭേദഗതി ഉൾപ്പെടെ നാല് സുപ്രധാന ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് സർക്കാറിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. ലോകായുക്തയിൽ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ഹരജിയിൽ ഇതുവരെ വിധി വന്നിട്ടില്ല. ആ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ബിൽ നിയമമാക്കാനാണ് സർക്കാറിന് താൽപര്യം. എന്നാൽ, സർക്കാറുമായി പരസ്യയുദ്ധം പ്രഖ്യാപിച്ച ഗവർണർ ബില്ലുകളിൽ ഒപ്പിട്ടിട്ടുമില്ല. ആ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ ഉൾപ്പെടെ സമീപിക്കുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നത്. ഗവർണർക്കെതിരെ രാഷ്ട്രപതിയെ സമീപിക്കണമെന്ന ആവശ്യം സി.പി.എം കേന്ദ്ര നേതൃത്വത്തിൽ നിന്നുൾപ്പെടെയുണ്ടായെങ്കിലും അതിന് മുമ്പ് നിയമമാർഗങ്ങൾ സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
നിയമോപദേശത്തിന് 47 ലക്ഷം
തിരുവനന്തപുരം: സംസ്ഥാന ഗവർണറുടെ നടപടികളിൽ സുപ്രീംകോടതി അഭിഭാഷകരോട് നിയമോപദേശം തേടിയ വകയിൽ സർക്കാർ ചെലവഴിച്ചത് 46.90 ലക്ഷം രൂപ. സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് തടയാനായി ചെലവഴിച്ചതാകട്ടെ 16 ലക്ഷവും. അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ഉൾപ്പെടെയുള്ള അഭിഭാഷകരുള്ളപ്പോഴാണ് ഖജനാവിൽനിന്ന് ഇങ്ങനെ പണം പൊടിച്ചത്.
കഴിഞ്ഞദിവസം നിയമവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ്, ഗവർണർക്കെതിരെ നിയമോപദേശം തേടിയതിന് ഇത്രയും തുക അനുവദിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകൾ സംബന്ധിച്ച നിയമോപദേശം തേടിയ വകയിൽ ഇത്രയും തുക അനുവദിക്കണമെന്ന അഡ്വക്കറ്റ് ജനറലിന്റെ ശിപാർശ അംഗീകരിക്കുകയായിരുന്നു.
കാലാവധി കഴിഞ്ഞ ഓർഡിനൻസുകൾ ഗവർണർ പുതുക്കി നൽകാത്തതിനെ തുടർന്നാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് 12 ബില്ലുകൾ നിയമസഭ പാസാക്കിയത്. ഈ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചെങ്കിലും ലോകായുക്ത, സർവകലാശാല ഭേദഗതി ഉൾപ്പെടെ നാല് ബില്ലുകൾക്കും കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയ ക്ഷീര സഹകരണസംഘം ഉൾപ്പെടെ രണ്ട് ബില്ലുകൾക്കും അദ്ദേഹം മാസങ്ങൾ കഴിഞ്ഞും അംഗീകാരം നൽകിയിട്ടില്ല.
ഈ ബില്ലുകൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സ്വീകരിക്കേണ്ട നിയമനടപടി സംബന്ധിച്ചാണ് സർക്കാർ നിയമോപദേശം തേടിയത്. ഇതിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാന് മാത്രം നൽകിയത് 30 ലക്ഷം രൂപയാണ്. അഡ്വ. സുഭാഷ് ശർമക്ക് 9.90 ലക്ഷം രൂപയും സഫീർ അഹമ്മദിന് മൂന്ന് ലക്ഷവും ക്ലർക്ക് വിനോദ് കെ.ആനന്ദിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. സ്വർണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ.ഡി ഹരജിയിൽ കേരളത്തിനുവേണ്ടി ഹാജരാകാൻ 15.50 ലക്ഷം രൂപയാണ് കപിൽ സിബലിന് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.