കൊച്ചി: വാടകക്കുമേല്‍ ജി.എസ്.ടി ഈടാക്കാനുള്ള ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം ചെറുകിട വ്യാപാരികളെ കൊള്ളയടിക്കുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കെട്ടിടം ഉടമ തങ്ങള്‍ക്കു ലഭിക്കുന്ന വാടകക്കുമേല്‍ ജി.എസ്.ടി അടച്ചില്ലെങ്കില്‍ അത് രജിസ്ട്രേഷനുള്ള വ്യാപാരിയുടെ മേല്‍ കെട്ടിവെക്കുന്ന പുതിയ നിബന്ധന വ്യാപാരി വിരുദ്ധവും സാമാന്യനീതിയുടെ നിഷേധവുമാണ്.
കോടിക്കണക്കിന് സാധാരണക്കാരുടെ ഉപജീവന മാര്‍ഗവും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന ഘടകവുമാണ് ചെറുകിട വ്യാപാര മേഖല. ഗ്രാമീണ ജനങ്ങള്‍ക്ക് കടമായി അവശ്യസാധനങ്ങള്‍ പോലും നല്‍കി അന്നമൂട്ടുന്ന ചെറുകിട വ്യാപാരികളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവരെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന നടപടികളാണ് സ്വീകരിക്കുന്നത്. കൊവിഡ് മാഹാമാരി, നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയെല്ലാം ചെറുകിട വ്യാപാര മേഖലയെ തകര്‍ത്തിരിക്കുകയാണ്.
ഇതിനിടെ ആഭ്യന്തര കുത്തകകളും ഓണ്‍ലൈന്‍ വ്യാപാരവും ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ജനങ്ങളെ കൊള്ളയടിച്ച് എങ്ങിനെയെങ്കിലും വരുമാനമുണ്ടാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ജി.എസ്.ടി കൗണ്‍സിലിനുള്ളത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ സംസ്ഥാന ധനമന്ത്രിമാരും ഈ പകല്‍ക്കൊള്ളക്ക് പിന്തുണ നല്‍കുന്നു എന്നത് പ്രതിഷേധാര്‍ഹമാണ്. വാടകയുടെ മേല്‍ 18 ശതമാനം ജി.എസ്.ടി ചുമത്താനുള്ള 54-ാമത് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം പിന്‍വലിക്കണമെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മേല്‍ സമ്മർദം ചെലുത്തണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.