അപേക്ഷയിലെ പിഴവ് ശ്രദ്ധിക്കാതെ ഹാൾടിക്കറ്റ്: പരീക്ഷയെഴുതാനുള്ള അവകാശമായി കാണാനാകില്ലെന്ന് ഹൈകോടതി

കൊച്ചി: ഉദ്യോഗാർഥി നൽകിയ അപേക്ഷയിലെ പിഴവ് ശ്രദ്ധിക്കാതെ പി.എസ്.സി ഹാൾ ടിക്കറ്റ് നൽകിയത് പരീക്ഷയെഴുതാനുള്ള അവകാശമായി കാണാനാവില്ലെന്ന് ഹൈകോടതി.

അസി. പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള പരീക്ഷക്ക് ഹാൾടിക്കറ്റ് അനുവദിച്ചശേഷം അപേക്ഷയിൽ പിഴവുണ്ടെന്ന കാരണത്താൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നാരോപിച്ച് ചേർത്തല സ്വദേശി അഡ്വ. എൻ.എസ്. ഹസ്‌നമോൾ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. അപേക്ഷയിലെ ഫോട്ടോയിൽ ഹരജിക്കാരി പേരും തീയതിയും വെച്ചിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ പി.എസ്.സി ഹാൾ ടിക്കറ്റ് അനുവദിച്ചു. പിന്നീട് ഈ പിഴവ് കാരണം പരീക്ഷ എഴുതുന്നതിൽനിന്ന് ഹരജിക്കാരിയെ തടഞ്ഞു.

പരീക്ഷയെഴുതാൻ പ്രത്യേക അവസരം നൽകുകയോ അസി. പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുകയോ വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

അപേക്ഷയിൽ പിഴവുണ്ടെങ്കിൽ ഹാൾ ടിക്കറ്റ് അനുവദിക്കരുതായിരുന്നെന്നും വാദിച്ചു. എന്നാൽ, പിഴവുള്ള അപേക്ഷയാണ് ഇവർ സമർപ്പിച്ചതെന്നും അതിനാൽ പരീക്ഷയെഴുതാൻ യോഗ്യതയില്ലെന്നും പി.എസ്.സി വിശദീകരിച്ചു.

ഫോട്ടോയിൽ പേരും തീയതിയും രേഖപ്പെടുത്തിയിരുന്നില്ലെന്ന് ഹരജിക്കാരി സമ്മതിക്കുന്നതിനാൽ അപേക്ഷ നിയമപരമല്ലെന്ന് വ്യക്തമാണ്. ഈ വാദം അംഗീകരിച്ചാണ് ഹൈകോടതി വിധി. എന്നാൽ പരീക്ഷയെഴുതാൻ എത്തിയ ഹരജിക്കാരി പരിഹാസത്തിനിരയായെന്ന വാദം കണിക്കിലെടുത്ത സിംഗിൾ ബെഞ്ച്, ഇത്തരമൊരു സാഹചര്യം പി.എസ്.സി ഒഴിവാക്കേണ്ടതായിരുന്നെന്നും ഭാവിയിൽ ഇത്തരം സംഭവമുണ്ടാകരുതെന്നും നിർദേശിച്ചു.

Tags:    
News Summary - Hall Ticket Ignoring Mistake in Application: High Court Says It Can't Be Seen as Right to Write Exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.