തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പി.കെ. വീരമണിദാസന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിച്ചു. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തും അയ്യപ്പഭക്തിഗാന മേഖലയിലും നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയത്.
തമിഴ്, തെലുങ്ക്, കന്നട, സംസ്കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ആൽബങ്ങളും ഗാനങ്ങളും അതിൽ എടുത്തു പറയേണ്ടവയാണ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഹരിവരാസനം അവാർഡ്. ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മീഷ്ണർ സി.എൻ രാമൻ, റിട്ടയേഡ് പ്രൊഫസർ പാൽക്കുളങ്ങര കെ. അംബികാദേവി എന്നിവരടങ്ങുന്ന പാനലാണ് അവാർഡ് നിർണയം നടത്തിയത്.
ചടങ്ങിൽ, അമേരിക്കയിൽ സ്ഥിരതാമസക്കാരനായ കുര്യാക്കോസ് മണിയാട്ടുകുടി ഒരുക്കിയ അയ്യൻ വാഴും പൂമല എന്ന ഭക്തിഗാന ആൽബം മന്ത്രി പുറത്തിറക്കി.
സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമോദ് നാരായണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.യു ജെനീഷ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ എ. ഷിബു, ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ. എ. അജികുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു, ദേവസ്വം കമ്മീഷണർ സി.എൻ രാമൻ, തിരുവാഭരണം കമ്മീഷണർ സി. സുനില, ദേവസ്വം ബോർഡ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എല്ലാം അയ്യപ്പ ഭഗവാന്റെ നിയോഗമാണെന്ന് ഹരിവരാസന പുരസ്കാര ജേതാവ് പി.കെ. വീരമണിദാസൻ പറഞ്ഞു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്ന് പുരസ്‌കാരമേറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി സംഗീതരംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് ലഭിക്കുന്ന ആദ്യത്തെ അവാർഡ് ആണിത്. ഏറെ സന്തോഷവും അഭിമാനവും ആണ് ഈ നിമിഷമുള്ളത്.
സംഗീതം ഒരു കൂട്ടായ സൃഷ്ടിയാണ്. ഗാനരചയിതാവും സംഗീതസംവിധായകനും ഓർക്കസ്ട്രയും ഗായകരും ഒത്തുചേരുമ്പോഴാണ് മികച്ച സംഗീത സൃഷ്ടികൾ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. പരശുരാമ ഭൂമിയിതിൽ ജനനം എന്ന അയ്യപ്പഭക്തിഗാനം ആലപിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.