മതവിശ്വാസത്തെ ബഹുമാനിക്കുന്നു; തനിക്കെതിരെ നടക്കുന്നത് വിദ്വേഷ കാമ്പയിൻ -എ.എൻ. ഷംസീർ

തിരുവനന്തപുരം: പ്രസംഗത്തിനിടെ ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ശാസ്ത്രത്തെ കുറിച്ച് പറയുന്നത് എങ്ങനെ വിശ്വാസത്തിന് എതിരാകുമെന്നും സ്പീക്കർ എ.എൻ. ഷംസീർ. ഒരു ഭരണഘടന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിൽ ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് എങ്ങനെ മതവിശ്വാസത്തിന് എതിരാകും. തനിക്ക് മുമ്പ് പലരും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. അത് തന്നെയാണ് താനും പറഞ്ഞത്. കേരളത്തിൽ ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

എല്ലാ മതത്തെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ. ഒരു വിശ്വാസിയെയും ​വ്രണപ്പെടുത്താൻ ​ആഗ്രഹിക്കുന്നില്ല. ഒരു ഭാഗത്ത് മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ മറ്റൊരു ഭാഗത്ത് ശാസ്ത്രബോധം വളർത്തണമെന്നും പറയുന്നുണ്ട്.-ഷംസീർ ചൂണ്ടിക്കാട്ടി. നിയമസഭ സമ്മേളനം സംബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഷംസീറിന്റെ വിശദീകരണം.

ഇന്ത്യക്കകത്ത് നടക്കുന്ന വിദ്വേഷ കാമ്പയിൻ കേരളത്തിലും നടത്താനാണ് ശ്രമം. എൻ.എസ്.എസ് ജനറൽ സെക്രട്ടറി കാര്യങ്ങൾ വ്യക്തമായി മനസിലാക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ജി. സുകുമാരൻ നായർക്ക് പറയാനുള്ളത് പറയാൻ അവകാശമുണ്ട്. അതുപോലെ എനിക്ക് പറയാനുള്ളത് പറയാനും അവകാശമുണ്ട്. ഷംസീർ ചോദിച്ചു. മതവിശ്വാസികൾ തനിക്കൊപ്പമാണെന്നും ഷംസീർ അവകാശപ്പെട്ടു.

എറണാകുളത്ത് ഒരു പരിപാടിക്കിടെയായിരുന്നു മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പ്രസംഗിച്ചത്. സ്പീക്കർ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് ഇതിനെതിരെ സംഘപരിവാര സംഘടനകൾ രംഗത്തുവരികയായിരുന്നു.  ഷംസീറിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെ​ക്രട്ടറി എം.വി. ഗോവിന്ദനും രംഗത്ത് വന്നിരുന്നു. 

Tags:    
News Summary - Hate campaign going on against him - A.N. Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.