കൊച്ചി: എത്ര പറഞ്ഞിട്ടും പൊലീസിെൻറ മോശം പെരുമാറ്റ രീതി മാറാത്തതെന്തെന്ന് വീണ്ടും ഹൈകോടതി. നൂറ്റാണ്ട് മുമ്പുള്ള കൊളോണിയൽ രീതി പിന്തുടരുന്ന പൊലീസിന് പരിഷ്കൃത ഭാഷയും മര്യാദയുള്ള പെരുമാറ്റവും അന്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ വിമർശിച്ചു. മോശമായി പെരുമാറിയ പൊലീസുകാരനെതിരെ നൽകിയ പരാതിയിൽ അധികൃതർ നടപടിയെടുക്കാത്തതിനെതിരെ കൊല്ലം നെടുമ്പന കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ സിവിൽ സർജൻ ഡോ. നെബു ജോൺ നൽകിയ ഹരജിയിലാണ് പൊലീസിനെതിരെ സിംഗിൾ ബെഞ്ചിെൻറ വിമർശനം.
കോവിഡ് ഡ്യൂട്ടിയിലായിരിക്കെ ജൂൺ ആറിന് വൈകീട്ട് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജയകുമാർ തടഞ്ഞുനിർത്തി മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് ഹരജിയിലെ ആരോപണം. കൊല്ലം അസി. പൊലീസ് കമീഷണർക്കും ദക്ഷിണ മേഖല ഐ.ജിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
കോടതി നിർദേശ പ്രകാരം അസി. പൊലീസ് കമീഷണർ സംഭവം സംബന്ധിച്ച് റിപ്പോർട്ട് നൽകിയെങ്കിലും ശരിയായ അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് കാട്ടി രൂക്ഷമായി വിമർശിച്ചു. സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് സ്വീകരിച്ച നടപടികളടക്കം വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച കോടതി, ഹരജി പത്ത് ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി. നേരത്തേ തൃശൂരിലെ കടയുടമക്ക് നേരെ പൊലീസ് നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിെൻറ എടാ, പോടാ വിളികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇത്തരം പെരുമാറ്റങ്ങൾ വിലക്കി സർക്കുലർ പുറപ്പെടുവിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി സെപ്റ്റംബർ പത്തിന് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.