കൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളിക്കും ബന്ധപ്പെട്ട യൂനിയൻ നേതാക്കൾക്കുമെതിരെ പിടിച്ചുപറി കേസടക്കം രജിസ്റ്റർ ചെയ്യണമെന്ന് ഹൈകോടതി. നോക്കുകൂലി സംബന്ധിച്ച പരാതി ലഭിച്ചാൽ ഇന്ത്യൻ ശിക്ഷ നിയമപ്രകാരം സാധ്യമായ എല്ലാ വകുപ്പുകളനുസരിച്ചും കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി ഡിസംബർ എട്ടിനകം സർക്കുലർ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. നോക്കുകൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയാൽ ചുമട്ടുതൊഴിലാളി ലൈസൻസ് റദ്ദാക്കാനും പിഴയീടാക്കാനും വ്യവസ്ഥ ചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി െകാണ്ടുവരുന്നത് സംബന്ധിച്ച് അറിയിക്കാനും നിർദേശിച്ചു. ചുമട്ടു തൊഴിലാളി നിയമത്തിൽ ഭേദഗതിക്ക് ആലോചനയുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണം തേടിയത്. നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകൾ ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നതായി കാട്ടി കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വെറുതെ നോക്കിനിൽക്കുന്നതിന് കൂലി എന്നത് ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേരളത്തിൽ മാത്രേമ ഇങ്ങനെ നടക്കൂ. നോക്കുകൂലി സംബന്ധിച്ച് പരാതി ലഭിച്ചാൽ തൊഴിലാളിയെ മാത്രം ശിക്ഷിച്ചതുകൊണ്ട് കാര്യമില്ല. യൂനിയൻ നേതാക്കൾക്കെതിരെയും നടപടിയുണ്ടായാലേ ഇത്തരം അപരിഷ്കൃത രീതികൾ തടയാനാവൂ.
വെറുതെ ഉത്തരവിട്ടതുകൊണ്ട് മാത്രമായില്ലെന്ന് വിലയിരുത്തിയ കോടതി തുടർന്നാണ് പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിക്കണമെന്ന് നിർദേശിച്ചത്. ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം നോക്കുകൂലി വിഷയത്തിൽ കോടതിയുടെ ഇടപെടൽെകാണ്ടാണ് ഉണ്ടായതെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് ഹരജി വീണ്ടും ഡിസംബർ എട്ടിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.