കൊച്ചി: മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണത്തിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. മൂന്നു പേരുടെയും മരണം ആത്മഹത്യയാണെന്ന് രേഖപ്പെടുത്തി സമർപ്പിച്ച കുറ്റപത്രം സ്വീകരിച്ച എറണാകുളം സി.ജെ.എം കോടതിയുടെ നടപടി റദ്ദാക്കിയാണ് ജസ്റ്റിസ് പി. സോമരാജന്റെ ഉത്തരവ്.
പാതി വെന്ത കുറ്റപത്രമാണ് സി.ബി.ഐ സമർപ്പിച്ചതെന്ന് കുറ്റപ്പെടുത്തിയ കോടതി, കഴിവും വൈദഗ്ധ്യവുമുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും നാലുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു.
സി.ബി.ഐയുടെ കുറ്റപത്രം തള്ളണമെന്ന ആവശ്യം സി.ജെ.എം കോടതി നിരസിച്ചതിനെതിരെ ശശീന്ദ്രന്റെ സഹോദരൻ ഡോ. വി. സനൽകുമാറും 'ക്രൈം' എഡിറ്റർ ടി.പി. നന്ദകുമാറും നൽകിയ ഹരജികളിലാണ് ഉത്തരവ്. 2011 ജനുവരി 24നാണ് പാലക്കാട് കഞ്ചിക്കോട്ടെ വീട്ടിൽ ശശീന്ദ്രനെയും മക്കളായ വിവേക്, വ്യാസ് എന്നിവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് അനുകൂലമായി മൊഴി നൽകാൻ പ്രമുഖ വ്യവസായി വി.എം. രാധാകൃഷ്ണൻ ശശീന്ദ്രനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും തുടർന്ന് ശശീന്ദ്രൻ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഇത് കൊലപാതകമാണെന്നതിന് തെളിവുകളില്ലെന്ന് കാട്ടി സി.ബി.ഐ നൽകിയ കുറ്റപത്രം സി.ജെ.എം കോടതി നേരത്തേ തള്ളിയിരുന്നു.
ശശീന്ദ്രന്റെ ശരീരത്തിലുണ്ടായിരുന്ന ഒമ്പതു മുറിവുകളടക്കമുള്ള അഞ്ചു കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടാണ് തള്ളിയത്. എന്നാൽ, മതിയായ വിശദീകരണം നൽകാതെ വീണ്ടും സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. ഇതിനെ തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
കൊച്ചി: ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം. കൊലക്കുറ്റവും പ്രതികളുടെ പങ്കും ഒഴിവാക്കാൻ അന്വേഷണ സംഘം മനഃപൂർവം ശ്രമിച്ചതായി കോടതി കുറ്റപ്പെടുത്തി. കണ്ണിൽ പൊടിയിടാനാണ് സി.ബി.ഐ ശ്രമിച്ചത്. മികച്ച അന്വേഷണ ഏജൻസിയെന്ന സി.ബി.ഐയുടെ പ്രശസ്തിക്ക് കളങ്കമാണ് ഈ അന്വേഷണം.
ശശീന്ദ്രന്റെ ശരീരത്തിൽ ഒമ്പതു മുറിവുകളുണ്ടായതെങ്ങനെ, കൊലപാതക സാധ്യത പരിശോധിച്ചോ, വസ്ത്രങ്ങളിലും വാതിലുകളിലും രക്തക്കറ എങ്ങനെയുണ്ടായി, മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതെന്തുകൊണ്ട്, പ്രതികൾക്കെതിരായ സാഹചര്യത്തെളിവുകൾ സി.ബി.ഐ മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. വിഷയം സി.ബി.ഐ വളരെ ഗൗരവത്തോടെ കാണുമെന്നും കൃത്യവിലോപം കാണിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.