ആരോഗ്യ ഇൻഷുറൻസ്; ഡേറ്റ ബേസ് പുതുക്കുന്നില്ല, അർഹരായ ആയിരങ്ങൾ പുറത്ത്

തിരുവനന്തപുരം: അർഹരാണെങ്കിലും ആയിരക്കണക്കിന് കുടുംബങ്ങൾ സർക്കാറിന്‍റെ ഇൻഷുറൻസ് പദ്ധതിയായ 'കാസ്പി'ൽ (കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി) ചേരാനാകാതെ പുറത്ത്. 2011ലെ സെൻസസ് പ്രകാരം ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെന്ന് കണ്ടെത്തി തയാറാക്കിയ ഡേറ്ററ്റ ബേസ് അടിസ്ഥാനപ്പെടുത്തിയാണ് പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്ന കാസ്പിൽ കുടുംബങ്ങളെ ഉൾപ്പെടുത്തുന്നത്.

ഈ ഡേറ്റ ബേസിൽ ഉൾപ്പെട്ടവർക്ക് മാത്രമേ കാസ്പിൽ പുതുതായി രജിസ്റ്റർ ചെയ്യാനാകൂ. 11 വർഷമായിട്ടും ഈ വിവരശേഖരം പരിഷ്കരിക്കാത്തതാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പദ്ധതിയിൽനിന്ന് പുറത്തുനിർത്തുന്നത്. ഫലമോ ചികിത്സക്കായി വേണ്ടി വരുന്ന ഭാരിച്ച ചെലവ് സ്വന്തം ചുമലിൽ ഏറ്റുവാങ്ങുകയാണിവർ. ഡാറ്റ ബേസ് പരിഷ്കരിക്കണമെന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

മുമ്പ് എംപാനൽ ചെയ്ത ആശുപത്രികളിൽ 30000 രൂപവരെ കുടുംബത്തിന് സൗജന്യ ചികിത്സ ലഭിക്കുന്ന ആർ.എസ്.ബി.വൈ കാർഡുകളാണ് നൽകിയിരുന്നത്. ഇത് പിന്നീട് വർഷാവർഷം പുതുക്കുന്ന രീതിയിലായിരുന്നു. ഇതൊഴിവാക്കിയാണ് എല്ലാ സാമൂഹികാരോഗ്യ ഇൻഷുറൻസ് പദ്ധതികളും സംയോജിപ്പിച്ച് 2019 ഏപ്രിലിൽ സംസ്ഥാന സർക്കാർ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ആരംഭിച്ചത്. ഇതാകട്ടെ 2011ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള ഡേറ്റബേസ് അനുസരിച്ചും.

നിലവിൽ അംഗങ്ങളായവർക്കായി പദ്ധതിപ്രകാരമുള്ള അഞ്ച് ലക്ഷം രൂപയുടെ ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും പുതിയ രജിസ്ട്രേഷനാണ് തടസ്സപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് 42 ലക്ഷം കുടുംബങ്ങളിലായി 70 ലക്ഷം അംഗങ്ങളാണ് നിലവിൽ കാസ്പിലുള്ളത്.

2019ൽ 202 സ്വകാര്യ ആശുപത്രികളാണ് കാസ്പിൽ എംപാനൽ ചെയ്തിട്ടുള്ളത്. 2021ൽ ഇത് 400 ആയും നിലവിൽ 570 ആയും വർധിച്ചിട്ടുണ്ട്. പദ്ധതിയിൽ അംഗങ്ങളായ കുടുംബങ്ങൾക്ക് ഈ ആശുപത്രികളിൽ കിടത്തിചികിത്സയും ശസ്ത്രക്രിയ അടക്കമുള്ളവയും സൗജന്യമാണ്.

കോവിഡ് കാലത്ത് ഗുരുതരാവസ്ഥയിലായ നിരവധി പേർക്ക് വെന്‍റിലേറ്റർ സൗകര്യമടക്കം സൗജന്യമായി ലഭ്യമാക്കാനും ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. അതേസമയം അർഹരായ നിരവധിപേർ ഇപ്പോഴും പുറത്തുനിൽക്കുന്നെന്നതാണ് വെല്ലുവിളി.

Tags:    
News Summary - health insurance; Not refreshing the database, Deserving thousands out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.