തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കാലവർഷം വീണ്ടും ശക്തമായതോടെ സംസ്ഥാനത്തുടനീളം കനത്ത മഴ. പമ്പാ, അച്ചൻകോവിൽ അടക്കമുള്ള നദികളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എറണാകുളം- കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെ യുള്ള മണികണ്ഠൻചാൽ ചപ്പാത്തിൽ വെള്ളം കയറി. ഇതേതുടർന്ന് ഉറിയംപെട്ടി, വെള്ളാരംകുന്ന് എന്നീ ആദിവാസി കോളനികൾ ഒറ്റ പ്പെട്ടു.
വ്യാഴാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ കോഴിക്കോട് പൂഴിത്തോട് വനമേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട-പീരുമേട് പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. തീക്കോയി -വാഗമൺ പാതയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്.
അതിനിടെ, വിഴിഞ്ഞത്ത് നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപ്പള്ളി സ്വദേശികളായ ആന്‍റണി, യേശുദാസൻ എന്നീ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. ഇവർക്കായി മറൈൻ എൻഫോഴ്സ്മെന്‍റ് തിരച്ചിൽ ആരംഭിച്ചു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നാളെയും റെഡ് അലേര്‍ട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കും മധ്യഭാഗത്തും മാലദ്വീപ് ഭാഗങ്ങളിലും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.