ആഗസ്റ്റ് ഒന്ന് വരെ കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യത. ആഗസ്റ്റ് ഒന്ന് വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് അതിശക്ത മഴക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ചയും യെലോ അലർട്ട് ഉണ്ട്.

വടക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് അറിയിപ്പുണ്ട്.

വയനാട്ടിലെ ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773.50 മീറ്റർ ആയി. ഡാമിന്റെ ഷട്ടർ ഉയർത്താൻ സാധ്യതയുണ്ടെന്നും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. പനമരം ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ പുഴ കരകവിയാനും വെള്ളം കയറാനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

പീച്ചി ഡാമിന്റെ ഷട്ടറുകൾ 15 സെന്റീമീറ്റർ ഉയർത്തും. നേരത്തെ ഏഴര സെന്റീമീറ്റർ തുറന്നിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുകയാണ്. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    
News Summary - Heavy Rain to be continued; Orange Alert issued in several districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.