കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയതിൽ ഹൈകോടതിയുടെ രൂക്ഷ വിമർശനം. റോഡ് കെട്ടിയടക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു.
കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണ് നടപടി. ഗതാഗതവും കാൽനടയും തടസ്സപ്പെടുന്ന സമ്മേളനങ്ങൾ പാതയോരങ്ങളിൽപോലും നടത്താൻ പാടില്ലാത്തതാണ്. 2021ൽ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിൽ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ഹൈകോടതി തീരുമാനം സുപ്രീംകോടതി ശരിെവക്കുകയും ചെയ്തതാണ്. മാർഗരേഖ ഫ്രീസറിൽ െവച്ചിരിക്കുകയാണോ എന്നും കോടതി ചോദിച്ചു. സമ്മേളനത്തിൽ ആരെല്ലാമാണ് പങ്കെടുത്തത്, എന്തെല്ലാം പരിപാടികൾ നടത്തി, എത്ര വാഹനങ്ങൾ കൊണ്ടുവന്നു, പരിപാടിക്ക് വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്നും കോടതി പറഞ്ഞു.
ഡിസംബർ അഞ്ചിന് വഞ്ചിയൂരില്‍ കോടതിക്കും പൊലീസ് സ്റ്റേഷനും സമീപമാണ് സി.പി.എം പാളയം ഏരിയ സമ്മേളനത്തിനായി റോഡിന്‍റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ് കെട്ടിയത്. ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പെട്ടിരുന്നു. വഴിതടഞ്ഞ് കെട്ടിയ പന്തലില്‍ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. 50 പൊലീസുകാരെയും സ്ഥലത്ത് നിയോഗിച്ചിരുന്നു.
തുടർന്ന്, ഗതാഗതം തടസ്സപ്പെടുത്തി സമ്മേളനം നടത്തിയത് ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവരെ എതിർകക്ഷികളാക്കിയാണ് എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് ഹരജി നൽകിയത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വഞ്ചിയൂർ സി.ഐ ഫയലുകളുമായി നേരിട്ട് ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ തുടർന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.