സി.ബി.എസ്​.ഇ പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക്​ ഹൈകോടതിയുടെ അനുമതി

കൊച്ചി: സി.ബി.എസ്​.ഇ അംഗീകാരമില്ലാത്തതിനാൽ പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക്​ ശേഷിക്കുന്ന പരീക്ഷകൾ എഴുതാൻ ഹൈകോടതി അനുമതി. തോപ്പുംപടി അരൂജാസ് സ്കൂളിലെ 34 ഉം പള്ളുരുത്തി അൽ അസ്​ഹർ സ്കൂളിലെ നാലും വിദ്യാർഥികൾക്കാണ്​ ശേഷിക്കുന്ന നാല്​ പരീക്ഷകൾ എഴുതാൻ​ ജസ്​റ്റിസ്​ എ.എം. ഷെഫീഖ്​, ജസ്​റ്റിസ്​ വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ ഉപാധികളോടെ അനുമതി നൽകിയത്​. ​

മാർച്ച്​ നാല്​, 12, 18 ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകൾ കുട്ടികൾക്ക്​ എഴുതാം. അനുമതി തേടി അരൂജാസ് സ്കൂളിലെ 28 കുട്ടികൾ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികളെ അംഗീകാരമുള്ള സ്കൂളുകൾ മുഖേന 2020ലെ പത്താം ക്ലാസ്​ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന്​ തിങ്കളാഴ്​ച കോടതി സി.ബി.എസ്​.സിക്ക്​ നിർദേശം നൽകിയിരുന്നു. എന്നാൽ, സി.ബി.എസ്.ഇ. യുടെ കീഴിൽ 25,000 സ്കൂളുകൾ ഉണ്ടെന്നും ഇത്തരമൊരു സത്യവാങ്മൂലം ഫയൽ ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടു​ണ്ടെന്നും സി.ബി.എസ്.ഇ ചൊവ്വാഴ്ച അറിയിച്ചു. തുടർന്ന്​ വസ്​തുതകളും സാഹചര്യങ്ങളും വിലയിരുത്തിയ കോടതി വിദ്യാർഥികളെ പരീക്ഷ എഴുതിക്കാൻ​ ഉത്തരവിടുകയായിരുന്നു.

എന്നാൽ, സമാന പ്രശ്നം നേരിടുന്ന വിദ്യാർഥികൾ വേറെയുമുണ്ടെന്ന്​ സി.ബി.എസ്.ഇ അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്​ സിംഗിൾ ബെഞ്ച്​ പരിഗണനയിലായിരുന്ന മറ്റ്​ ഹരജികൾ കൂടി വിളിച്ചുവരുത്തി അവർക്ക്​ കൂടി അനുമതി നൽകുകയായിരുന്നു. ഇതോടെ ഹരജിയിൽ കക്ഷികളല്ലാതിരുന്ന അരൂജാസ് സ്കൂളിലെ ആറും അൽ അസ്​ഹറിലെ നാലും കുട്ടികൾക്കും പരീക്ഷ എഴുതാൻ അവസരം ലഭിച്ചു.

അരൂജാസിലെ 34 വിദ്യാർഥികൾ വെറ്റില ടോക് എച്ച് സ്കൂളിലും അൽ അസ്​ഹർ വിദ്യാർഥികൾ കാക്കനാട് ഭവൻസ്​ ആദർശ വിദ്യാലയത്തിലുമാണ് എഴുതേണ്ടത്​. പരീക്ഷ എഴുതാമെങ്കിലും ഹരജിയിലെ അന്തിമ വിധിക്കനുസരി​േച്ച ഫല പ്രഖ്യാപനം പാടുള്ളൂവെന്ന്​ ഉത്തരവിൽ പറയുന്നു. ഹരജികൾ മാർച്ച്​ 23ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - High court give permission to students of ​Arooja's little stars school for writing exams - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.