കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിൽ എന്‍.ആര്.ഐ സീറ്റില്‍ പ്രവേശനം നേടിയ വിദ്യാർഥികളില്‍നിന്ന് അധികമായി അഞ്ചുലക്ഷം ഈടാക്കി നിര്‍ധന വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ് പദ്ധതിയുടെ പേരിൽ സർക്കാറിെൻറ ‘കോർപസ് ഫണ്ടി’ലേക്ക് മാറ്റാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി. നിയമത്തിെൻറ പിൻബലമില്ലാതെയുള്ള ഉത്തരവിന് നിലനിൽപില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിലെയടക്കം ഒരുകൂട്ടം സ്വകാര്യ സ്വാശ്രയ മെഡിക്കൽ വിദ്യാർഥികൾ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിദ്യാർഥികൾ കോർപസ് ഫണ്ടിലേക്ക് കൈമാറിയ തുക കോളജുകളുടെ അക്കൗണ്ടിലേക്ക് മാറ്റാനും പിന്നീട് കോളജ്, സർക്കാർ പ്രതിനിധികളുടെ പേരിൽ അക്കൗണ്ട് തുറന്ന് അതിൽ നിക്ഷേപിക്കാനും നിർേദശിച്ചു. അതേസമയം, നിയമനിർമാണം നടത്തി തീരുമാനം വീണ്ടും നടപ്പാക്കാൻ സർക്കാറിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
15 ലക്ഷം ട്യൂഷൻ ഫീസ് ഉണ്ടായിരുന്ന എന്‍.ആര്.ഐ വിഭാഗക്കാരായ വിദ്യാർഥികളിൽനിന്ന് 2017-18 അധ്യയന വർഷം 20 ലക്ഷം വീതം ഫീസ് വാങ്ങാനും ഇതിൽ അഞ്ചുലക്ഷം നിർധനവിദ്യാർഥികളുടെ ഫീസിനമായി മാറ്റിവെക്കാനും ഫീസ് നിർണയ സമിതി ഉത്തരവിട്ടിരുന്നു. അധികമായി ഈടാക്കുന്ന ഫീസ് മാനേജ്മെൻറ് സ്കോളര്‍ഷിപ്പായി നൽകുന്ന രീതിയിലാണ് ഉത്തരവ് നടപ്പാക്കിയത്.
എന്നാൽ, പ്രവേശന ഫീസ് നിയന്ത്രണ സമിതിയുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപവത്കരിച്ച ഉത്തരവ് ഇതിനു പിന്നാലെയുണ്ടായി. വിദ്യാർഥികളിൽനിന്ന് ശേഖരിച്ച അധിക തുക കോർപസ് ഫണ്ടിലേക്ക് മാറ്റാനും നിർദേശമുണ്ടായി. സ്കോളർഷിപ് പദ്ധതിയെന്ന രീതിയിലാണ് ഉത്തരവ് നടപ്പാക്കിയത്. ഈ നടപടികൾ ചോദ്യംചെയ്താണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
2017-18 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടിയ മിടുക്കരായ നിര്‍ധന വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസാണ് ഈ പദ്ധതിയിലൂടെ വഹിക്കാൻ തീരുമാനിച്ചതെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് അനുസൃതമായാണ് പദ്ധതി തയാറാക്കിയതെന്നുമായിരുന്നു സർക്കാർ വാദം. വാദങ്ങൾ തള്ളിയ കോടതി അധികമായി അഞ്ചുലക്ഷം രൂപ ഈടാക്കി കോർപറേറ്റ് ഫണ്ടിൽ നിക്ഷേിപിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയായിരുന്നു. നിയമത്തിെൻറ പിൻബലമില്ലാത്ത എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാനാകില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.