മലപ്പുറം: ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണെന്ന് പി.വി അൻവർ എം.എൽ.എ. ശശിയുടെ നടപടികൾ പാർട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി. ശശിക്ക് വേറെ താൽപര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടു.
ഷാജൻ സ്കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി.ശശിയും എം.ആർ അജിത് കുമാറുമാണ്. അതിന് ശേഷം താൻ പി.ശശിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പി.വി അൻവർ പറഞ്ഞു.
എ.ഡി.ജി.പി എം.ആർ അജിത് കുമാർ സോളാർ കേസ് ഒതുക്കാൻ കൈകൂലി വാങ്ങിയെന്ന ആരോപണവും പി.വി അൻവർ ഉയർത്തി. എ.ഡി.ജി.പി കൈക്കുലിയായി ലഭിച്ച കള്ളപ്പണം ഫ്ലാറ്റ് വാങ്ങി വെളുപ്പിച്ചു. 33 ലക്ഷം രൂപക്ക് അജിത് കുമാർ വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുള്ളിൽ 62 ലക്ഷം രൂപക്ക് മറിച്ച് വിറ്റുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നുമാണ് അൻവറിന്റെ ആരോപണം.
വസ്തുവാങ്ങി 90 ദിവസത്തിനുള്ളിൽ മറിച്ച് വിൽക്കുകയാണെങ്കിൽ ഇരട്ട സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും നൽകണം. എന്നാൽ, അധികാര ദുർവിനിയോഗം നടത്തി ഈ തുക അജിത് കുമാർ അടക്കാതിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം നാല് ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അഴിമതിയാണ് അജിത് കുമാർ നടത്തിയതെന്നും പി.വി അൻവർ ആരോപിച്ചു.
ഈ ഫ്ലാറ്റ് അഴിമതി കൂടി വിജിലൻസിന്റെ അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ നിരവധി തവണ എം.ആർ അജിത് കുമാർ വിദേശയാത്ര നടത്തി. ഇതിന്റെ വിശദാംശങ്ങൾക്കായി വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.