കൊച്ചി: ‘‘എല്ലാവരെയും ഒരിക്കൽക്കൂടി കാണുമോയെന്ന് വിചാരിച്ചതല്ല. ജീവിതം അവിടെത്തന്നെ തീരുമോയെന്നായിരുന്നു പേടി. അവിടത്തെ സ്ഥിതിയും വളരെ ദയനീയമായിരുന്നു. മൂന്നു തവണയാണ് മലേറിയ വന്നത്. ആദ്യമൊക്കെ ഭക്ഷണവും വെള്ളവും കിട്ടിയിരുന്നെങ്കിലും പിന്നെ പിന്നെ ശുചിമുറിയിലെ വെള്ളം വരെ കുടിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
16 പേരെയും ഒരു മുറിയിലാണ് പൂട്ടിയിട്ടിരുന്നത്’’ -നൈജീരിയൻ നാവികസേനയുടെ തടവിൽനിന്ന് മോചിതരായി നാട്ടിലേക്ക് മടങ്ങിയെത്തിയ മലയാളി നാവികരായ സനു ജോസ്, മിൽട്ടൺ ഡിക്കോത്ത, വി. വിജിത്ത് എന്നിവരുടെ വാക്കുകളിൽ തങ്ങളനുഭവിച്ച ദുരിതക്കടലിന്റെ വേലിയേറ്റത്തെക്കാൾ സ്വന്തം നാട്ടിലെത്തിയ ആശ്വാസത്തിന്റെ കുളിർതെന്നലായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് തങ്ങളുടെ അനുഭവങ്ങളും ദുരിതനാളുകളും അവർ ഓർത്തെടുത്തത്. കപ്പലിലായിരുന്നപ്പോൾ നൈജീരിയൻ നാവികസേന പ്രഫഷനലായ ഇടപെടലാണ് നടത്തിയതെങ്കിലും ഇക്വട്ടോറിയൽ ഗിനിയിലേക്ക് മാറിയപ്പോൾ സ്ഥിതി മാറി.
രണ്ടുമാസത്തിൽ ഒരിക്കലൊക്കെയാണ് ഫോൺ തന്നിരുന്നതെന്നും പ്രതീക്ഷ പലപ്പോഴും അറ്റുപോയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കപ്പൽ കമ്പനി അധികൃതർ, കേന്ദ്ര-സംസ്ഥാന സർക്കാർ, എംബസി, ജനപ്രതിനിധികൾ, നാട്ടുകാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ പറഞ്ഞറിയിക്കാനാവാതെ മൂവരും വീർപ്പുമുട്ടി. നീണ്ട 11 മാസത്തിനുശേഷം പ്രിയപ്പെട്ട കുടുംബാംഗങ്ങളെ കണ്ടതിന്റെ ആഹ്ലാദം മൂന്നുപേർക്കും അടക്കാനായില്ല. സനു ജോസ്, മിൽട്ടൺ, വിജിത്ത് എന്നിവരുടെ കുടുംബാംഗങ്ങൾക്കും അങ്ങനെതന്നെയായിരുന്നു.
‘ഡാഡീ, ഡാഡീ...’ എന്നു വിളിച്ചുകൊണ്ട് ഏറെനേരം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനുപുറത്ത് കാത്തുനിന്ന സനു ജോസിന്റെ മകൾ എലിസബത്ത് പിതാവിനെ കണ്ടപ്പോൾ ആദ്യം കെട്ടിപ്പിടിക്കണോ, ഉമ്മ വെക്കണോ എന്നറിയാതെ കുഴങ്ങി.
സനുവിന്റെ ഒക്കത്തുപിടിച്ചുകയറിയ യു.കെ.ജിക്കാരി പിന്നെ ഇറങ്ങിയതേയില്ല. മൂത്തമകൻ ബെനഡിക്ട്, ഭാര്യ മെറ്റിൽഡ, മാതാപിതാക്കളായ ജോസ്, ലീല, മെറ്റിൽഡയുടെ മാതാപിതാക്കളായ പൗലോസ്, സൂസൻ, സഹോദരി മേബിൾ എന്നിവരുമെത്തിയിരുന്നു. മകൻ നീലിന് ആറുമാസമുള്ളപ്പോൾ പോയതാണ് കൊല്ലം സ്വദേശി വിജിത്ത്. ആദ്യമൊരു അപരിചിതത്വം കാണിച്ചെങ്കിലും പിന്നീട് അച്ഛന്റെ കൈയിൽ തന്നെയായിരുന്നു ആ ഒന്നരവയസ്സുകാരനും. വിജിത്തിന്റെ അച്ഛൻ വിക്രമൻ നായർ, അമ്മ സജിത, ഭാര്യ രേവതി, രേവതിയുടെ മാതാപിതാക്കളായ ലീല, രാമചന്ദ്രൻ തുടങ്ങിയവരെല്ലാം സ്വീകരിക്കാനെത്തിയിരുന്നു.
മിൽട്ടൺ ഡിക്കോത്തയുടെ ഭാര്യ ശീതളും മകൻ ഹാഡ്വിനും ശീതളിന്റെ സഹോദരൻ സ്റ്റെഫിനുമുൾെപ്പടെയുള്ളവരും വിമാനത്താവളത്തിൽ വന്നു. നാഷനൽ യൂനിയൻ സീഫെയറേഴ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും ഇവർക്ക് സ്വീകരണമൊരുക്കി. ഇനി കുറച്ചുകാലം കുടുംബത്തോടൊപ്പം എന്നാണ് ദുരിതപർവം താണ്ടിയെത്തിയ മൂവർക്കും ഭാവിപദ്ധതിയെക്കുറിച്ച് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.