തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തും അവസരവാദികളുണ്ടാവുമെന്നും കമ്യൂണിസ്റ്റുകാരൻ മോശമായാൽ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കുമെന്നും സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ഏതാനും സി.പി.എം, സി.പി.െഎ നേതാക്കൾ പാർട്ടിവിട്ട് എൻ.ഡി.എ സ്ഥാനാർഥികളായി മാറിയത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇൗ വഞ്ചകന്മാർ അവസരവാദ നിലപാട് സ്വീകരിക്കുന്നതോടെ കമ്യൂണിസ്റ്റുകൾ അല്ലാതായിക്കഴിഞ്ഞെന്നും 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിൽ കോടിയേരി വ്യക്തമാക്കി.
കോന്നിയിൽ കെ. സുരേന്ദ്രെൻറ വിജയത്തിനായി ബി.ജെ.പിയുമായി സി.പി.എം ഡീൽ ഉറപ്പിച്ചുവെന്ന 'ഒാർഗനൈസർ' മുൻ പത്രാധിപർ ബാലശങ്കറിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കോടിയേരി പറഞ്ഞു. ''സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലെന്ന് പറയാൻ കേരളത്തിൽ ആർക്കാണ് സാധിക്കുക? ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടിയാണ് സി.പി.എം. അത് രഹസ്യമായി എടുത്തതല്ല. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തെടുത്ത തീരുമാനമാണ്. സി.പി.എമ്മിന് ഒരിക്കലും ആർ.എസ്.എസുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കാൻ സാധിക്കുകയില്ല. മത രാഷ്ട്രമാണ് അവർ ഉന്നയിക്കുന്ന മുദ്രാവാക്യം. അത്തരം മതമൗലിക വാദികളുമായി ഞങ്ങൾക്ക് യോജിക്കാനേ സാധിക്കില്ല.
അടിയന്തരാവസ്ഥ കഴിഞ്ഞ 1977ലെ തെരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ മുൻകൈയെടുത്ത് സോഷ്യലിസ്റ്റ് പാർട്ടിയെയും സ്വതന്ത്ര പാർട്ടിയെയും ജനസംഘത്തെയും എല്ലാം ലയിപ്പിച്ച് ജനതാപാർട്ടിയാക്കി. അവരുമായി ഞങ്ങൾ സഹകരിച്ചത് അടിയന്തരാവസ്ഥ പോകാനാണ്. അടിയന്തരാവസ്ഥ മാറിയപ്പോൾ സി.പി.എം നിലപാട് മാറ്റി. ആർ.എസ്.എസ് ഉൾക്കൊള്ളുന്ന പാർട്ടിയുമായി ബന്ധം വിേച്ഛദിക്കണമെന്ന നിലപാട് സ്വീകരിച്ചു. 1979ൽ തലശ്ശേരിയടക്കം നാല് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ആർ.എസ്.എസിെൻറ വോട്ട് ഞങ്ങൾക്ക് വേണ്ട എന്നാണ് ഇ.എം.എസ് പ്രസംഗിച്ചത്. അതേ നിലപാടാണ് സി.പി.എമ്മിന് ഇപ്പോഴുമുള്ളത്. ആർ.എസ്.എസുമായി ചേർന്ന് ഞങ്ങൾക്ക് ഒരു സീറ്റും കേരളത്തിൽ ജയിക്കേണ്ട കാര്യമില്ല.
1991ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോലീബി സഖ്യം ഉണ്ടാക്കിയത് ഇടതുപക്ഷത്തിെൻറ തുടർഭരണം അട്ടിമറിക്കാനാണ്. അന്ന് രാജീവ് ഗാന്ധി കൊലെചയ്യപ്പെട്ടിട്ടുപോലും ഇൗ സഖ്യം വിജയിച്ചില്ല.'' കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.