ന്യൂഡൽഹി: ബി.ജെ.പിക്കെതിരായ ആക്രമണം ശക്തമാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റില്ലെങ്കിൽ 2029ൽ അവരെ അധികാരത്തിൽ നിന്നും ആം ആദ്മി പാർട്ടി താഴെയിറക്കുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ ഏറ്റവും വലിയ വെല്ലുവിളി ആം ആദ്മി പാർട്ടിയാണ്. ബി.ജെ.പി ആരെയെങ്കിലും പേടിക്കുന്നുണ്ടെങ്കിൽ അത് എ.എ.പിയെ ആണ്. 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റില്ലെങ്കിൽ 2029ൽ എ.എ.പി അവരെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ സമയം കൊണ്ട് എ.എ.പി ദേശീയ പാർട്ടിയായി വളർന്നു. ഡൽഹിയിലും പഞ്ചാബിലും എ.എ.പിക്ക് സർക്കാറുണ്ട്. ഡൽഹി നിയമസഭയിൽ വിശ്വാസവോട്ട് നേടിയതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ പരാമർശം.
ചരിത്ര വിജയമാണ് എ.എ.പി ഡൽഹിയിൽ നേടിയത്. ഗുജറാത്തിൽ നല്ല വോട്ട് ശതമാനം നേടാൻ എ.എ.പിക്ക് കഴിഞ്ഞു. ഗുജറാത്ത് നിയമസഭയിൽ പാർട്ടിക്ക് അഞ്ച് എം.എൽ.എമാരുണ്ട്. ഗോവയിൽ രണ്ട് എം.എൽ.എമാരുമുണ്ട്.
എ.എ.പിയെ ബി.ജെ.പി നിരന്തരമായി ആക്രമിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രവർത്തനവും തടയുകയാണ് അവരുടെ ലക്ഷ്യം. എല്ലാ ഭാഗത്ത് നിന്നും ഞങ്ങൾ ആക്രമണം നേരിടുന്നു. ജനങ്ങൾ വിഡ്ഢികളാണെന്നാണ് അവർ കരുതുന്നത്. പക്ഷേ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.