കൊച്ചി: ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ അനധികൃത ഫ്ലക്സുകളും ഹോർഡിങ്ങുകളും നീക്കണമെന്ന് ഹൈകോടതി. തദ്ദേശ വകുപ്പ് സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുകയും ഏഴുദിവസത്തിനകം നീക്കം ചെയ്‌തെന്ന് ഉറപ്പുവരുത്തുകയും വേണം. നോട്ടീസ് നൽകിയാൽ ഏഴ് ദിവസത്തിനകം പ്രിന്‍റിങ് ഏജൻസികൾ അനധികൃത ഹോർഡിങ്ങുകൾ നീക്കണം. ഇത് പാലിച്ചില്ലെങ്കിൽ ശാസ്ത്രീയമായ രീതിയിൽ ബോർഡുകൾ നശിപ്പിച്ചശേഷം കേസെടുക്കുകയും പ്രിന്‍റിങ് സ്ഥാപനത്തിൽനിന്ന് തുക തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.
ബോർഡുകളിൽ വിലാസം രേഖപ്പെടുത്താത്ത പ്രിന്‍ററുടെയും ഏജൻസിയുടെയും ലൈസൻസ് റദ്ദാക്കാനും ഇതുവരെയുള്ള നടപടികളുടെ പുരോഗതിയെക്കുറിച്ച് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.കേസ് 10 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി. നിയമവിരുദ്ധമായി സ്ഥാപിച്ച ഫ്ലക്സുകളും ബോർഡുകളും കണ്ടെത്തി നീക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
അനധികൃത ബോർഡുകളും മറ്റും നീക്കുന്നതിലെ വീഴ്ചകൾ അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപെടുത്തി. നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും നിർദേശങ്ങൾ ലംഘിക്കുന്നത് തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ നിർദേശങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്നും അനധികൃത ബോർഡുകൾ, കൊടികൾ എന്നിവ നീക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.