ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ന്യുമോണിയ കുറയുന്നു, ആശുപത്രി മാറ്റം ഉടൻ ഉണ്ടാകില്ല

തിരുവനന്തപുരം: കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ന്യുമോണിയ ബാധ നല്ലപോലെ കുറഞ്ഞിട്ടുണ്ടെന്നും വീണ്ടും പനി വന്നിട്ടില്ലെന്നും ഡോക്ടർ അറിയിച്ചു.

രാവിലെ കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവർത്തകരോടും നന്നായി സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്തു. ആന്‍റിബയോട്ടിക് മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കകം പൂർണമായി സുഖം പ്രാപിക്കുമെന്ന് കരുതുന്നു.

പ്രഷറിൽ ഓക്സിജൻ കൊടുക്കുന്ന ബൈപാപ്പ് മെഷിൻ നീക്കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ട ശേഷം തുടർ ചികിത്സക്കായി ആശുപത്രി മാറ്റാനാണ് കുടുംബാംഗങ്ങളുടെയും സർക്കാറിന്‍റെയും തീരുമാനം.

നിലവിലെ ചികിത്സ തുടരാനാണ് സംസ്ഥാന സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്‍റെ നിർദേശം. മെഡിക്കൽ ബോർഡ് പറഞ്ഞ നിർദേശങ്ങളും പിന്തുടരുന്നുണ്ട്. ആരോഗ്യ സ്ഥിതിയെ കുറിച്ച് എല്ലാ ദിവസവും സർക്കാറിനെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

ന്യുമോണിയ ബാധയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ഇന്ന് ഉച്ചയോടെ തുടർചികിത്സക്കായി എയർ ആംബുലൻസിൽ ബംഗളൂരുവിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന് സഹോദരനിൽ നിന്ന് പരാതി ഉയർന്നിരുന്നു. ആരോപണം നിഷേധിച്ച് ഉമ്മൻ ചാണ്ടി തന്നെ രംഗത്തുവരുകയും ചെയ്തു. ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനിടെയാണ് ന്യുമോണിയ ബാധിച്ചതെന്നും മകൻ ചാണ്ടി ഉമ്മനും വ്യക്തമാക്കിയിരുന്നു.

ന്യുമോണിയ മാറിയശേഷം ബംഗളൂരുവിലേക്ക് കൊണ്ടുപോകാനായിരുന്നു ആലോചന. എന്നാൽ, വിവാദമുണ്ടായ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ കൂടി അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗളൂരു യാത്ര നേരത്തേയാക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൊവ്വാഴ്ച നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചശേഷമാണ് അന്തിമ തീരുമാനമായത്.

അതേസമയം, ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തി ഡോക്ടറെയും ബന്ധുക്കളെയും കണ്ടിരുന്നു.

Tags:    
News Summary - Improvement in Oommen Chandy's health; Pneumonia decreases. A change of hospital will not happen soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.