ചെറുതുരുത്തി: എസ്.എൻ.ഇ.സി സമസ്തയുടെ ദേശീയ മുഖമാണെന്നും ആത്മീയതയിലധിഷ്ഠിതമായ അതിന്റെ പ്രവർത്തനം പ്രതീക്ഷ നൽകുന്നതാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ്.എന്‍.ഇ.സി ഗേള്‍സ് ഇന്റര്‍സോണ്‍ ടാലന്റ്സ് മീറ്റിന്റെ ഭാഗമായി ദേശമംഗലം മലബാർ എൻജിനീയറിങ് കോളജിൽ നടന്ന രക്ഷിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്കും അധ്യാപകർക്കും വലിയ ദൗത്യം പുതിയ കാലത്തുണ്ടെന്നും അത് മനസിലാക്കി വേണം മുന്നോട്ടു പോകാനെന്നും ജിഫ്രി തങ്ങള്‍ അഭിപ്രായപ്പെട്ടു.
എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ അബ്ദുസ്സലാം ബാഖവി വടക്കേകാട് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിൽ കേവലം അറിവല്ല, തിരിച്ചറിവാണ് പ്രധാനമെന്ന് മുഖ്യാതിഥിയായ മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. എസ്.വി. മുഹമ്മദാലി ക്ലാസെടുത്തു. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, ഇസ്മാഈൽ കുഞ്ഞു ഹാജി മാന്നാർ, എ.എം. പരീദ് എറണാംകുളം, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, ഡോ. ശഫീഖ് റഹ്മാനി, കെ.എസ്. ഹംസ, ബഷീർ ഫൈസി ദേശമംഗലം, മൻസൂർ, ടി.എസ്. മമ്മി ഹാജി, ഷെഹീർ ദേശമംഗലം, പി.യു.ഫാരിസ്, ടി.കെ. അലി തുടങ്ങിയവർ സംസാരിച്ചു.
സമസ്ത നാഷണല്‍ എജുക്കേഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ സ്ട്രീം സ്ഥാപനങ്ങളിലെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിദ്യാര്‍ഥിനികളുടെ കലാ മത്സരങ്ങള്‍ക്ക് വര്‍ണാഭ തുടക്കം കുറിച്ചു.
30 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ആയിരത്തോളം വിദ്യാര്‍ഥിനികള്‍ മാറ്റുരക്കും. ആണ്‍കുട്ടികളുട മത്സരം നേരത്തെ അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.