യൂനിവേഴ്സിറ്റി കോളജിലെ മലയാളം ഡിപ്പാർട്ട്മെന്‍റിന് തീവെച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന് മുൻ ചെയർമാൻ

കോഴിക്കോട്: എൺപതുകളിൽ യൂനിവേഴ്സിറ്റി കോളജിലെ മലയാളം ഡിപ്പാർട്ട്മെൻറിന് തീവെച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന്  കോളജ് യൂനിയൻ മുൻ ചെയർമാൻ ജഗദീശ് ബാബു. എ.കെ.ജി സെൻററിനെതിരെ നടന്ന ബോംബ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പഴയൊരു തീവെപ്പിന്‍റെ ഓർമ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

കോളജിലെ എസ്.എഫ്.ഐ നേതൃത്വം അറിയാതെ ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചനയാണ് തീവെപ്പ് നടത്തിയത്. ഇക്കാര്യം തിരിച്ചറിയാതെ രാത്രിയില്‍ തീ ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്‌സിനെ വരുത്തി തീയണച്ച ശിവന്‍കുട്ടി നായര്‍ എന്ന പൊലീസുകാരനെ അഭിനന്ദിക്കാന്‍ യൂനിയനും എസ്.എഫ്‌.ഐ യൂനിറ്റും തീരുമാനിച്ചു.

ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും ടി.കെ രാമകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്താണ് സംഭവം നടന്നത്. കോളജിന് തീവെച്ചത് കെ.എസ്‌.യുക്കാരാണെന്നായിരുന്നു താനടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകർ അന്ന് വിശ്വസിച്ചത്. അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരുന്ന കെ. കരുണാകരന്‍ പത്രസമ്മേളനം നടത്തി കോളജ് തീവെച്ചത് എസ്.എഫ്‌.ഐക്കാര്‍ തന്നെയാണെന്ന് ആരോപിച്ചു. ഈ സംഭവമാണ് എസ്.എഫ്‌.ഐയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും താൻ രാജിവെക്കാനിടയാക്കിയതെന്ന് ജഗദീഷ് ബാബു കുറിച്ചു.

കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, തോമസ് ഐസക്ക് എന്നിവർ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കാലത്താണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ ബി.എ വിദ്യാഥിയായിരിക്കെ യൂനിവേഴ്‌സിറ്റി കോളജില്‍ മാഗസിന്‍ എഡിറ്ററായി. അക്കാലത്താണ് മാഗസിനോടൊപ്പം കാമ്പസ് ജേര്‍ണല്‍ എന്ന ആശയം രൂപപ്പെട്ടത്. ആദ്യ ലക്കം പുറത്തിറക്കാന്‍ തീരുമാനിച്ചതോടെ അന്നത്തെ എസ്.എഫ്‌.ഐ സംസ്ഥാന നേതൃത്വം അതില്‍ ഇടപെട്ടു.

ആമുഖത്തിന്റെ ഉള്ളടക്കം അന്ന് ഗവേഷണ വിദ്യാഥിയായിരുന്ന ഡോ. തോമസ് ഐസക്കിനെ കാണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ആമുഖത്തിന്റെ ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചിരുന്നു. ബംഗാള്‍ ധനമന്ത്രി അശോക് മിത്ര കവി അയ്യപ്പ പണിക്കര്‍ക്ക് ആദ്യ പ്രതി കൈമാറുന്ന ചടങ്ങ് നിശ്ചയിക്കുകയും ചെയ്തു. പരിപാടിക്ക് രണ്ടു ദിവസം മുന്‍പ് ആമുഖം പരിശോധിച്ച തോമസ് ഐസക്ക് കോളജിലെത്തി.

ആമുഖത്തിന് പകരം നെരൂദയുടെയും ബ്രെതിന്‍റെയും കവിതകളായിരുന്നു പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കമാകെ നക്‌സല്‍ സാഹിത്യമാണെന്ന് അദ്ദേഹം വിധിയെഴുതി. പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് സംഘന നിർദേശം നൽകി. ആ വേദിയിലാണ് അയ്യപ്പണിക്കരുടെ സമാചാരം എന്ന കവിത പിറന്നത്.

വിലക്ക് ലംഘിച്ച് പരിപാടി നടത്തിയതോടെ എസ്.എഫ്‌.ഐ നേതൃത്വം നീക്കങ്ങള്‍ ആരംഭിച്ചു. രണ്ടാം വര്‍ഷം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജലഗീഷ് ബാബുവിനെ തന്നെ മത്സരിപ്പിക്കാന്‍ പാർട്ടി നിര്‍ബന്ധിതരായി. തോല്‍പ്പിക്കുക എന്നതായിരുന്നു പിന്നീടുള്ള കരുനീക്കം. പുറത്തിറക്കിയ ആമുഖത്തെക്കുറിച്ചും കോളജ് മാഗസിനെക്കുറിച്ചും പാര്‍ട്ടിക്കാര്‍ തന്നെ ആരോപണങ്ങള്‍ രഹസ്യമായി പ്രചരിപ്പിച്ചു.

എന്നാല്‍, ഫലം വന്നപ്പോള്‍ 1300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചെയര്‍മാനായി ജഗദീഷ് ബാബു വിജയിച്ചു. തുടർന്നാണ് തീവെപ്പ് ശ്രമം നടന്നത്. അതോടെ എസ്.എഫ്.ഐയിൽ നിന്ന് ജഗദീശ് ബാബു രാജിവെച്ചു. കോടിയേരിയും ബേബിയും കടകംപള്ളിയും മുന്‍ സ്പീക്കര്‍ എം. വിജയകുമാറും അടക്കമുള്ള നേതാക്കളായിരുന്നു എസ്.എഫ്.ഐയെ നിയന്ത്രിച്ചിരുന്നതെന്നും ജഗദീഷ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. 

Tags:    
News Summary - In the 1980s, the head of the Malayalam department of the university college was set on fire by S. The former chairman said that F.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.