പേരാവൂർ: വയനാട് ജില്ലയിലെ തൊണ്ടർനാട് പെരിഞ്ചേരിമല കോളനിയിൽ നാലംഗ മാവോവാദി സംഘം എത്തിയതിനെത്തുടർന്ന് സമീപപ്രദേശങ്ങളായ കണ്ണൂരിെൻറ അതിർത്തികളിൽ പൊലീസ് കനത്ത ജാഗ്രതയിൽ. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ആയുധധാരികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഇവിടെ എത്തിയത്.കോളനിയിലെ മൂന്ന് വീടുകളിലെത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തശേഷം പ്രദേശത്തെ വൈദ്യുതിത്തൂണുകളിൽ പോസ്റ്ററുകൾ പതിച്ചു മടങ്ങുകയായിരുന്നു.
സംഭവത്തെത്തുടർന്ന് സമീപപ്രദേശങ്ങളായ കൊട്ടിയൂർ, വയനാട് അതിർത്തി വനപ്രദേശങ്ങൾ, പ്രധാന പാതകൾ എന്നിവിടങ്ങളിലും, മാവോവാദി സംഘം എത്താൻ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലും ലോക്കൽ പൊലീസും വിവിധ അന്വേഷണ ഏജൻസികളും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ് മാവോവാദി സംഘങ്ങൾ എത്തിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാതകളിൽ വാഹന പരിശോധനയും ഊർജിതമാക്കി.
മുമ്പ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇൻറലിജൻസ് വിഭാഗവും ആൻറി നക്സൽ സ്ക്വാഡും പരിശോധന നടത്തി. കണ്ണവം, കോളയാട്, കേളകം, ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിലെ കോളനികളിലും ആറളം ഫാം ഉൾപ്പെടെ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. മാവോവാദികൾ പതിവായി എത്തിയിരുന്ന രാമച്ചി, ചെക്യാട്, ആറളം ഫാം, വിയറ്റ്നാം പ്രദേശങ്ങളിലും മുമ്പ് പലതവണ സായുധ മാവോവാദി സംഘങ്ങൾ പ്രകടനം നടത്തിയ കൊട്ടിയൂർ അമ്പായത്തോട്ടിലും നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. മാവോവാദി സംഘത്തിൽപെട്ട ചന്ദ്രു, ജയണ്ണ, സുന്ദരി, ലത എന്നിവരാണ് പെരിഞ്ചേരി മലയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.