കൊല്ലം: എക്സൈസ് വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ നാർകോട്ടിക് ഡ്രഗ്സ് ഉൾപ്പെടെ എൻ.ഡി.പി.എസ് കേസുകളിൽ വർധന. 2022നെ അപേക്ഷിച്ച് 2023 ഒക്ടോബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇരട്ടിയിലധികം വർധനയാണ് ഉണ്ടായത്. 2022ൽ 216 കേസ് റിപ്പോർട്ട് ചെയ്തപ്പോൾ 2023 ഒക്ടോബർ വരെ 472 കേസുകളിലായി 483 പേരാണ് അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ അതിർത്തി കടന്നെത്തുന്ന കേസുകളാണ് കൂടുതൽ.
കഞ്ചാവ്, പാൻമസാല, എം.ഡി.എം.എ ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിൽ പിടിയിലാകുന്നതിൽ അധികവും അന്തർ സംസ്ഥാന തൊഴിലാളികളാണ്. എക്സൈസ് വകുപ്പ് നവംബര്‍ 22വരെ 3466 റെയ്ഡുകളും 94 സംയുക്ത റെയ്ഡുകളും നടത്തി. 614 പേരെ അറസ്റ്റ് ചെയ്തു. 36 വാഹനങ്ങൾ പിടിച്ചെടുത്തു. ഓരോ വർഷത്തിലും ജില്ലയിൽ എൻ.ഡി.പി.എസ് കേസുകളിൽ അനിയന്ത്രിതമായ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സ്കൂളുകളും മറ്റ് റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് സർക്കാർ നിരവധി ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നതിന്റെ തെളിവുകൂടിയാണ് കേസുകളുടെ വർധന. എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ ആവശ്യക്കാരിലധികവും യുവാക്കളും വിദ്യാർഥികളുമാണ്.
ഒരുവർഷം മുതൽ 30 വർഷം വരെ തടവും 10000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും വധശിക്ഷവരെ എൻ.ഡി.പി.എസ് നിയമത്തിൽ ശിക്ഷയുണ്ട്. ധാരാളം പഴുതുകളുള്ളത് കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുന്നു.
ഒരുകിലോയിൽ താഴെ കഞ്ചാവ് കൈവശം വെച്ചാൽ ജാമ്യം ലഭിക്കും. ന്യൂ വകുപ്പിന്റെ അഭിപ്രായത്തിൽ ഒരുകിലോഗ്രാം വരെ കഞ്ചാവ് കൈവശംവെക്കുന്നത് ചെറിയ അളവും 20 കിലോ വരെ മീഡിയം അളവും, അതിൽ കൂടുതൽ വാണിജ്യ അളവുമായാണ് കണക്കാക്കുന്നത്. കൊക്കെയ്ൻ, മോർഫിൻ, ഡയസെറ്റൈൽമോർഫിൻ അല്ലെങ്കിൽ മറ്റേതെങ്കിലും മയക്കുമരുന്നാണ് പിടികൂടുന്നതെങ്കിൽ ആറുമാസത്തെ തടവും 10,000 രൂപ വരെയുള്ള പിഴയും ലഭിക്കും.
എം.ഡി.എം.എ ഉൾപ്പെടെ ലഹരി പദാർഥങ്ങളുടെ കാര്യത്തിൽ, ചെറിയ അളവ് എന്ന് കണക്കാക്കുന്നത് 100 ഗ്രാം വരെയാണ്. കഞ്ചാവിന്റെ ഉൽപാദനം, നിർമാണം, കൈവശംവെക്കൽ, വിൽപന, വാങ്ങൽ, കഞ്ചാവുമായി ബന്ധപ്പെട്ട ഗതാഗതം, അനധികൃതമായ കടത്ത് എന്നിവ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിനെ അടിസ്ഥാനമാക്കി ശിക്ഷ നിശ്ചയിക്കും.
മയക്കുമരുന്നിനെ ആശ്രയിക്കുന്ന ആളുകൾക്ക് ചികിത്സയും പരിചരണവും മെച്ചപ്പെടുത്തുന്നതിനും പിടിച്ചെടുത്തവ സംസ്കരിക്കുന്നതിനും മയക്കുമരുന്ന് കടത്ത് ആരോപണവിധേയരായ വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും നിയമങ്ങളും നിലവിലുണ്ടെങ്കിലും വിദ്യാർഥികളടക്കം ഇത്തരം കേസുകളിൽപെടുന്നത് പതിവായിരിക്കുകയാണ്.
കൊല്ലം: മാരക ഇനം മയക്കുമരുന്ന് കൈവശം വച്ച് വിൽപന നടത്തിയ കാഞ്ഞിരംവിള കിഴക്കതിൽ വീട്ടിൽ അമൽ (25) അഡീഷനൽ സെഷൻസ് കോടതി ലക്ഷം രൂപ പിഴയും 10 വർഷം കഠിനതടവിനും ശിക്ഷിച്ചു.
80.254 ഗ്രാം മയക്കുമരുന്നും ചില്ലറ വിൽപന നടത്തുന്നതിനുള്ള പോളിത്തീൻ കവറുകളും ഡിജിറ്റൽ കാൽക്കുലേറ്ററും മൊബൈൽ ഫോണും ഉൾപ്പെടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസി.എക്സൈസ് കമീഷണർ വി. റോബർട്ടിനായിരുന്നു അന്വേഷണചുമതല. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 77 സാക്ഷികളെയും 23 രേഖകളും ആറ് തൊണ്ടിമുതലുകളും കോടതി തെളിവിൽ സ്വീകരിച്ചു.
അമിതലാഭത്തിനും മറ്റുംവേണ്ടി അതിമാരകമായ മെത്താഫെറ്റാമിൻ എന്ന മയക്കുമരുന്ന് അമിത അളവിൽ കൈവശം സൂക്ഷിച്ച് ചില്ലറ വിൽപന നടത്തിയ കുറ്റത്തിനാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.