കൊച്ചി: പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന ശിപാർശയിൽ സർക്കാറിനോട് തീരുമാനമെടുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി ജീവനക്കാർ നൽകിയ ഹരജിയിൽ സർക്കാറിന്‍റെ വിശദീകരണം തേടി. ഹൈകോടതിയിലെ ഡെപ്യൂട്ടി രജിസ്ട്രാർ വി.എസ്. അജിത് കുമാർ അടക്കമുള്ളവരാണ് ഹരജിക്കാർ. ഇത് ഈമാസം ആറിന് വീണ്ടും പരിഗണിക്കും.
ഹരജിയിലെ തീർപ്പിന് വിധേയമായിരിക്കും ഹരജിക്കാരുടെ വിരമിക്കൽ എന്ന് ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. ഹൈകോടതി രജിസ്ട്രാർ ജനറൽ നൽകിയിരിക്കുന്ന ശിപാർശയിൽ സർക്കാറിന് അനുകൂല തീരുമാനം എടുക്കാതിരിക്കാനാകില്ലെന്നതടക്കമാണ് ഹരജിയിലെ വാദം.
ജനുവരി ഒന്നോടെ പൂർണമായും ഇ-ഫയലിങ്ങിലേക്ക് മാറുകയാണ് ഹൈകോടതി. ഡിജിറ്റൽ കോടതിയിലേക്കുള്ള മാറ്റം നടക്കുന്ന സമയത്ത് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുക അടക്കമുള്ള കാരണങ്ങളാണ് ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന ശിപാർശയിൽ ഹൈകോടതി മുന്നോട്ടുവെച്ചത്.
മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ഹൈകോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ശിപാർശ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.