സ്വതന്ത്രനായി ജയിച്ചശേഷം പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകുമെന്ന് ഹൈകോടതി

കൊച്ചി: സ്വതന്ത്രനായി മത്സരിച്ച് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം ഏതെങ്കിലും പാർട്ടിയിലോ മുന്നണിയിലോ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗത്തെ അയോഗ്യനാക്കാമെന്ന് ഹൈകോടതി. ഭരണഘടന തത്ത്വങ്ങളും ജനാധിപത്യ സംവിധാനവും നിയമവാഴ്‌ചയും ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയിട്ടുള്ളതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.

തെരഞ്ഞെടുപ്പിലും തെരഞ്ഞെടുക്കപ്പെടുന്നവരിലും ജനങ്ങൾക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ കൂറുമാറ്റ നിരോധന നിയമം ശക്തമായി നടപ്പാക്കണം. കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയതു ശരിവെച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ വിധി.

കീരംപാറ പഞ്ചായത്ത് ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഷീബ ജോർജ് വിജയിച്ചത്. ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലെന്ന് പത്രികക്കൊപ്പം നൽകിയ സത്യപ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ചട്ടങ്ങളനുസരിച്ച് പഞ്ചായത്തിൽ നൽകിയ ഡിക്ലറേഷനിൽ ഇടതു പിന്തുണയുള്ള സ്വതന്ത്രയാണെന്ന് വ്യക്തമാക്കി.

പഞ്ചായത്ത് സെക്രട്ടറി തയാറാക്കിയ അംഗങ്ങളുടെ രജിസ്റ്ററിൽ ഇടതു മുന്നണിയിൽ അംഗമാണെന്ന് പറഞ്ഞിരുന്നു. ഇടതു പിന്തുണയോടെ വൈസ് പ്രസിഡന്റാകുകയും ചെയ്തു. ഷീബയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു അംഗം മാമ്മച്ചൻ ജോസഫ് നൽകിയ പരാതിയിലാണ് കമീഷൻ നടപടിയെടുത്തത്. ഇതു ചോദ്യംചെയ്ത് ഷീബ നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

Tags:    
News Summary - Independent will disqualified if join the party after winning in election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.