പലിശ ഇളവ് പരിഹാരമല്ല, ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണം -മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പ എടുത്ത പലരും ഇന്നില്ല, ആ ഭൂമിയിൽ ഇനിയൊന്നും ചെയ്യാനാകില്ല. ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് ചെറിയ തുക ആയതിനാൽ, വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്ന വാദത്തിന് പ്രസക്തിയില്ല. അവധി നീട്ടിനൽകലോ പലിശയിളവോ പരിഹാരമാകില്ല. ഇക്കാര്യത്തിൽ കേരള ബാങ്കിനെ മാതൃകയാക്കാൻ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തയാറാകണം. തിരുവനന്തപുരത്ത് ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

“ഉരുൾപൊട്ടൽ ബാധിച്ചവരിൽ ഏറെയും കർഷക കുടുംബങ്ങളാണ്. ദുരന്തത്തിൽ നിരവധിപ്പേർക്ക് ഉറ്റവരെ നഷ്ടമായി. അതിലേറെപ്പേർക്ക് സ്വത്തും വീടും നഷ്ടമായി. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. പുതുതായി നിർമിച്ച വീടുകളും, പുതിയ വാഹനങ്ങളും ഉൾപ്പെടെ തകർന്നു. പലതരത്തിലുള്ള വായ്പകൾ എടുത്തവർ ഇക്കൂട്ടത്തിലുണ്ട്. ദുരന്തബാധിതർക്ക് നൽകിയ വായ്പാതുക ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് ചെറിയ തുക ആയിരിക്കും. അവർക്ക് അത് തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിൽ മാതൃകാപരമായ നിലപാട് സ്വീകരിക്കാൻ സ്ഥാപനങ്ങൾ ത‍യാറാകണം.

സാധാരണ പോലെ അവധി നീട്ടിനൽകലോ പലിശയിളവോ ഇവിടെ പരിഹാരമാകില്ല. വായ്പ എടുത്ത പലരും ഇന്നില്ല. ആ ഭൂമിയിൽ ഇനിയൊന്നും ചെയ്യാനാകില്ല. ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് ചെറിയ തുക ആയതിനാൽ, വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്ന വാദത്തിന് പ്രസക്തിയില്ല. ആയതിനാൽ വായ്പകൾ എഴുതിത്തള്ളാൻ തയാറാകണം. ആരും ആവശ്യപ്പെടാതെ കേരള ബാങ്ക് സ്വീകരിച്ച നിലപാട് എല്ലാവരും മാതൃകയാക്കണം. പ്രദേശത്തെ കടം പൂർണമായി എഴുതിത്തള്ളാനുള്ള നടപടി എല്ലാ ബാങ്കുകളും സ്വീകരിക്കണം” -മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൽപറ്റയിൽ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം തുടരുകയാണ്. ദുരിതബാധിതരുടെ അക്കൗണ്ടുകളിൽനിന്ന് ഇ.എം.ഐ ഈടാക്കിയതിനെതിരെയാണ് സമരം. നഷ്ടപ്പെട്ട പണം തിരികെ അക്കൗണ്ടിലേക്ക് നൽകുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

Tags:    
News Summary - Interest relief is not a solution, disaster victims' loans should be written off - CM Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.