കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് ഓൾ ഇന്ത്യ പെർമിറ്റ് ഫീസ് കൂടാതെ സംസ്ഥാനം നികുതി പിരിക്കാൻ ഒരുങ്ങിയതോടെ സർവിസുകൾ കൂട്ടത്തോടെ
റദ്ദാക്കി അന്തർ സംസ്ഥാന ബസ്സുടമകൾ. നവംബർ ഒന്നുമുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ്പെർമിറ്റ് ഫീസ് അടച്ച വണ്ടിക്ക് പോലും വീണ്ടും നികുതി ഈടാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെ തുടർന്ന് ഇരട്ട നികുതി അടച്ച് കേരളത്തിലേക്ക് സർവിസ് നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് വാഹന ഉടമകൾ.
ഏറ്റവും തിരക്കേറിയ ബംഗളൂരു -ചെന്നൈ നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന സർവിസുകൾ ഏറെക്കുറെ എല്ലാ ഓപ്പറേറ്റർമാരും റദ്ദ് ചെയ്ത നിലയിലാണ്. മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം മടക്കി നൽകി. നാളെ കർണാടക പിറവി അവധി ദിനമായതിനാൽ മടക്കയാത്രയ്ക്ക് മതിയായ വാഹന സൗകര്യങ്ങൾ ഇല്ലാതെ യാത്രക്കാർ ദുരിതത്തിലാവും.
അന്തർ സംസ്ഥാന ബസുകളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി കേന്ദ്രം 2021ൽ ആവിഷ്കരിച്ച് ടൂറിസ്റ്റ് പെർമിറ്റ് അട്ടിമറിക്കാനുള്ള കേരള സർക്കാരിൻറെ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഇൻറർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ കേരള ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ കേന്ദ്ര വിഹിതമായി കഴിഞ്ഞ മാസങ്ങളിൽ ഒരു കോടി രൂപയോളം പ്രതിമാസം സംസ്ഥാനത്തിന് കേന്ദ്ര വിഹിതമായി ലഭിക്കുന്നതായി ഇവർ പറയുന്നു. ഇത്തരം വാഹനങ്ങളിൽനിന്ന് വീണ്ടും നികുതിയിടാക്കുന്നത് ഇരട്ട നികുതിയാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും വാഹനം ഉടമകൾ പറയുന്നു.
സംസ്ഥാന സർക്കാറിന്റെ തെറ്റായ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബസ് ഉടമകൾ. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കിൽ സർവിസ് പുനരാരംഭിക്കില്ല. സംസ്ഥാനത്തിന് വരുമാന നഷ്ടമാണ് എന്ന് ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതാണെന്നും പെർമിറ്റ് ഫീസിനത്തിൽ ഓരോ ക്വാർട്ടറിലും 3 കോടി രൂപയോളം കേന്ദ്ര വിഹിതമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. കേരളത്തിലേക്ക് സർവീസ് നടത്തുന്ന വാഹനങ്ങളുടെ എണ്ണം നൂറിൽ താഴെയാണ്. ഒരു വണ്ടിയിൽ നിന്ന് മൂന്നുമാസം നികുതിയായി 1.20 ലക്ഷം രൂപ ലഭിച്ചാൽ പോലും ഈ മൂന്നു കോടി രൂപ ആകില്ലെന്നിരിക്കെ നികുതിനഷ്ടമാണ് എന്ന നിലപാട് പിൻവലിക്കണമെന്ന് ഇൻറർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ കേരള ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ മാതൃകയിൽ കേരളവും നികുതി പിരിക്കും എന്നായിരുന്നു പറഞ്ഞത്. എന്നാൽ, തമിഴ്നാട്ടിൽ ഏഴു ദിവസത്തേക്കും 30 ദിവസത്തേക്ക് മൂന്നുമാസത്തേക്കും വേണമെങ്കിൽ നികുതി അടക്കാൻ അവസരമുണ്ട്. കേരളത്തിലാകട്ടെ എല്ലാ വാഹനങ്ങൾക്കും മൂന്നുമാസത്തേക്ക് നികുതി അടക്കാൻ മാത്രമാണ് നിർവാഹമുള്ളൂ.
ശബരിമല തീർത്ഥാടന വാഹനങ്ങൾ അടക്കം ഒറ്റത്തവണ വരാൻ മൂന്നുമാസത്തെ നികുതി അടയ്ക്കേണ്ട അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ രജിസ്റ്റർ ചെയ്ത ഇന്നോവ, ടെമ്പോ ട്രാവലർ, ബസ് തുടങ്ങിയ വാഹനങ്ങളിൽ നിന്നെല്ലാം ഇത്തരത്തിൽ നികുതി അടക്കേണ്ടിവരും. ശബരിമല തീർത്ഥാടകരിൽ നിന്ന് മാത്രമായി ലക്ഷക്കണക്കിന് രൂപ നികുതിയിനത്തിൽ ഇരട്ട നികുതിയായി കേരളം പിരിക്കുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.