ആദിവാസികളുടെ കോർപ്പസ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടെന്ന് എ. ജി



കോഴിക്കോട്: ആദിവാസികളുടെ കോർപ്പസ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടെന്ന് എ.ജിയുടെ അന്വേഷണ റിപ്പോർട്ട്. വയനാട്ടിൽ കോർപ്പസ് ഫണ്ട് 6.43 കോടി രൂപയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറിയത്. പദ്ധതികൾ ഇതുവരെ പൂർത്തീകരിക്കാത്തതിനാൽ ഗുണഭോക്താക്കൾക്ക് ഉദ്ദേശിച്ച ആനുകൂല്യം നഷ്ടമായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വിവിധ ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയ 92 പദ്ധതികളാണ് അന്വേഷണ സംഘം പരിശോധിച്ചത്.

ആദിവാസി ഊരുകളിൽ കുടിവെള്ളം ലഭിക്കുന്നിന് കിണർ നിർമ്മാണം, മതിൽ നിർമ്മാണം,

ഫുട്പാത്ത് കോൺക്രീറ്റിംഗ്, റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളാണ് കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തിയത്. നിർമാണത്തിനുള്ള ഫണ്ട് ഗ്രാമപഞ്ചായത്തുകൾക്ക് മുൻകൂറായി കൈമാറി.

നിർവഹണ ഉത്തരവാദിത്തം വിവിധ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാർക്കായിരുന്നു. എന്നാൽ, പദ്ധതികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഫണ്ട് അനുവദിച്ചതിന്റെ ഗുണം ആദിവാസികൾക്ക് ലഭിച്ചിട്ടില്ല.

ഗ്രാമപഞ്ചയത്ത് ആദിവാസി ഊരുകളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി പട്ടികവർഗ വകുപ്പ് പരിശോധിച്ചിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതിലും പട്ടികവർഗ വകുപ്പ് നടപടി സ്വീകരിച്ചില്ല. ആദിവാസികളുടെ ആവശ്യവും ക്ഷേമവും പട്ടികവർഗവകുപ്പ് പരിഗണിച്ചതുമില്ല. പദ്ധതികൾ പൂർത്തിയാക്കാത്തതിൽ ആദിവാസികൾ നിൽകിയ പരാതികളോട് ഉദ്യോഗസ്ഥർ നിസംഗത കാണിച്ചു. പദ്ധതികൾ നടപ്പാക്കുന്ന ഏജൻസികൾക്ക് അഡ്വാൻസ് കൈമാറിയാൽ പ്രവർത്തനം ആരംഭിക്കണമെന്ന സർക്കാർ ഉത്തരവും പാലിച്ചിട്ടില്ല. പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള രജിസ്റ്ററുകൾ ഓഫിസിൽ നിലവിലില്ല.

2019-20ൽ കോർപ്പസ് ഫണ്ട് 2.35 കോടി അനവദിച്ചു. അതിൽ 53.55 ചെലവഴിക്കാതെ തിരിച്ചടച്ചു. മുൻവർഷങ്ങളിൽ ഫണ്ട് അനുവദിച്ച പദ്ധതികൾക്കും പുരോഗതി ഉണ്ടായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വൈത്തിരി ട്രൈബൽ ഓഫിസർ (ടി.ഇ.ഒ) ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് മുൻകൂറായി ഫണ്ട് കൈമാറിയെങ്കിലും പദ്ധതികൾ പൂർത്തിയാക്കിയില്ല. ഇതിന് ഉദാഹരണമായി അഞ്ച് പദ്ധതികളാണ് എ.ജി ചൂണ്ടിക്കാണിച്ചത്. വൈത്തിരി ഗ്രാമ പഞ്ചായത്തിന് 2012-13ൽ നരിക്കോടുമുക്ക് കോളനി കിണർ നിർമ്മാണത്തിന് 2.75 ലക്ഷം, അരമല കോളനി കിണർ 2.35 ലക്ഷം, 2016-17ൽ പൊഴുതന ഗ്രാമ പഞ്ചായത്തിലെ ഇടിയംവയൽ കലികുനി റോഡിന്-13.31ലക്ഷം, 2017-18ൽ അതിമൂല പുത്തൻപുറം കോളനി റോഡ് ടാറിങിന് 19.27 ലക്ഷം, 2017-18ൽ വൈത്തിരി പ്രിയദർശിനി കോളനി റോഡ് ടാറിങിന് -15 ലക്ഷം തുടങ്ങിയ പദ്ധതികളൊന്നും പൂർത്തിയാക്കിയിട്ടില്ല. കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി 52.68 ലക്ഷം രൂപയുടെ ഫണ്ട് പദ്ധതികൾക്ക് മുൻകൂറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറിയിട്ടും ആദിവാസികൾക്ക് പദ്ധതികളുടെ പ്രയോജനം ലഭിച്ചില്ല.

അനുമതിയില്ലാതെ കോർപ്പസ് ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചും ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അതിന് ഉദാഹരണമാണ് 'ഇഞ്ച' ഷോട്ട് ഫിലിം നിർമ്മിക്കുന്നതിന് തുക അനുവദിച്ചത്. ഗോത്രവർഗക്കാരുടെ ഇടയിൽ പ്രായപൂർത്തിയാകാത്തവർ വിവാഹിതരാകുന്നതിനെക്കുറിച്ചുള്ള പ്രമേയമാണ് "ഇഞ്ച" എന്ന സിനിമയിൽ ആവിഷ്കരിക്കാൻ തീരുമാനിച്ചത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് തുക അനുവദിച്ചതെന്ന് പറയുന്നെങ്കിലും അതിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചില്ല. സിനിമയുമായി ബന്ധപ്പെട്ട് ത്രികക്ഷി ധാരണാപത്രം 2021 സെപ്തംബർ 30ന് ഒപ്പുവെച്ചു.

ഫിലിം നിർമാണത്തിന് അഞ്ച് ലക്ഷം ഒക്ടോബർ 13നും മൂന്ന് ലക്ഷം 30നും കൈമാറി.

ധാരണാപത്രം ഒപ്പിട്ടത് പ്രകാരം, ആദ്യ കക്ഷി (ഡി.എൽ.എസ്.എ) കഥ നൽകി. മൂന്നാമത്തെ കക്ഷി (അഡ്വ. സി.സി മാത്യു) തിരക്കഥയെഴുതി. രണ്ടാം കക്ഷിയായ ഐ.ടി.ഡി.പി ഓഫീസറാണ് ഫണ്ട് നൽകിയത്. 45 ദിവസമായിരുന്നു ജോലിയുടെ പൂർത്തീകരണ കാലയളവ്.

കോർപ്പസ് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് ജില്ലാതല മാനേജ്‌മെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല. പട്ടികവർഗ വകുപ്പിന്റെ നിർദേശങ്ങളും

പ്രതീക്ഷിച്ച ചെലവിന്റെ എസ്റ്റിമേറ്റും ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല.

ഉടമ്പടി വ്യവസ്ഥ പ്രകാരം, 'ആദ്യ കക്ഷിക്ക് സിനിമയുടെ മേൽ എല്ലാ അവകാശവും ഉണ്ടായിരിക്കുമെന്നാണ് രേഖപ്പെടുത്തിയത്. സിനിമയെ വാണിജ്യ നേട്ടങ്ങൾക്കായി ഉപയോഗിക്കാനും പ്രവർത്തിക്കാനും അനുമതി നൽകിയാണ് ഷോർട്ട് ഫിലിമിന് പട്ടികവർഗ വകുപ്പ് തുക നൽകിയത്. പട്ടികവർഗ വകുപ്പിന്റെ നടപടികളെല്ലാം ക്രമരഹിതമായിരുന്നു. ഡയറക്‌ടറേറ്റിൽ നിന്ന് ഫണ്ട് വിനിയോഗിക്കുന്നതിന് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.

News Summary - Irregularities in the utilization of corpus funds by tribals A.G.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.