‘മുഖ്യമന്ത്രിയാണ് പച്ചക്കള്ളം പ്രചരിപ്പിച്ചതെന്ന് വ്യക്തമായി’; വാച്ച് ആൻഡ് വാർഡ് വിഷയത്തിൽ വി.ഡി സതീശന്‍റെ പ്രതികരണം

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ വനിതാ വാച്ച് ആൻഡ് വാർഡിന് പരിക്കേറ്റില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷ അംഗങ്ങൾ ഏത് തരത്തിലാണ് മോശമായി പെരുമാറിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വനിതാ വാച്ച് ആൻഡ് വാർഡിനെ ക്രൂരമായി ആക്രമിച്ചെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ നടത്തിയത്. മുഖ്യമന്ത്രി പദവിയുടെ മാന്യത പോലും കാണിക്കാത്ത വാക്കുകളാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. വനിതാ വാച്ച് ആൻഡ് വാർഡിന് പരിക്കേറ്റിട്ടുണ്ടോ എന്ന് ഒരു ഫോൺ വിളിച്ച് ആശുപത്രിയിൽ ചോദിച്ചാൽ മുഖ്യമന്ത്രിക്ക് അറിയാൻ സാധിക്കുമായിരുന്നു. ഇതെല്ലാം മറച്ചുവെച്ചാണ് 10 വർഷം തടവുശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാ കേസ് വനിതാ എം.എൽ.എമാർക്കെതിരെ എടുത്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി. 

കെ.കെ രമക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട എക്സറേ വ്യാജമാണെന്ന് ഡോക്ടർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണപക്ഷ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ വ്യാജ പ്രചരണം സി.പി.എം സംസ്ഥാന സെക്രട്ടറി ഏറ്റുപിടിച്ചു. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്.

ആര് മൂടിവെച്ചാലും സത്യം പുറത്തുവരും. വനിതാ വാച്ച് ആൻഡ് വാർഡിന് പരിക്കേറ്റില്ലെന്ന സത്യവും കെ.കെ രമയുടെ കൈയുടെ ലിഗ്മെന്‍റിന് പരിക്കേറ്റെന്ന യാഥാർഥ്യവുമാണ് പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Tags:    
News Summary - It is clear that the Chief Minister Pinarayi Vijayan has spread lies -VD satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.