തിരുവനന്തപുരം: സ്കോളർഷിപ്പ് ഫണ്ട് 50 ശതമാനമായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. താജുദ്ദീനും സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജിയും ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങൾക്കായുള്ള വിദ്യാഭ്യാസ സഹായ പദ്ധതികളുടെ തുക അമ്പത് ശതമാനമായി വെട്ടിക്കുറച്ചിരിക്കുകയാണ് സർക്കാർ. മാത്രമല്ല ഈയിനത്തിൽ ഇതുവരെ സർക്കാർ ആകെ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമാണ്.
ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, സിവിൽ സർവീസ് ഫീ റീ ഇംബേഴ്സ്മെന്‍റ്, വിദേശ സ്കോളർഷിപ്പ്, ഐ.ഐ.ടി/ഐ.ഐ.എം സ്കോളർഷിപ്പ് , സി.എ/ ഐ.സി.ഡബ്യൂ.എ/ സി.എസ് സ്കോളർഷിപ്പ്, യു.ജി.സി നെറ്റ്, ഐ.ടി.സി ഫീസ് റീ ഇംബേഴ്സ്‌മെന്‍റ്, മദർ തെരേസ സ്കോളർഷിപ്പ്, എ.പി.ജെ അബ്ദുൽകലാം സ്കോളർഷിപ്പ് എന്നിങ്ങനെ ഒമ്പത് സ്കോളർഷിപ്പ് പദ്ധതികളിലെ ഫണ്ടാണ് പകുതിയായി കുറച്ചത്.
ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നിയോഗിതനായ മന്ത്രി വി. അബ്ദുറഹ്‌മാനും അദ്ദേഹത്തിന്‍റെ വകുപ്പും ന്യൂനപക്ഷ പുരോഗതിക്കു തടസ്സം നിൽക്കുകയാണ്. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ തുടരെത്തുടരെയുള്ള ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങൾ പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.