തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിെൻറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന ജനജാഗ്രത യാത്രകൾ ഇന്ന് തുടങ്ങും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ കാസര്‍കോടു നിന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നുമാണ് യാത്ര. കോടിയേരി നയിക്കുന്ന ജാഥ വൈകീട്ട് നാലിന് മഞ്ചേശ്വരത്ത് സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി ഡി. രാജയും കാനം രാജേന്ദ്രന് നയിക്കുന്ന ജാഥ വൈകീട്ട് നാലിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന ജാഥയില്‍ സത്യന് മൊകേരി (സി.പി.ഐ), പി.എം. ജോയ് (ജനതാദള്‍ എസ്), പി.കെ. രാജന് മാസ്റ്റര്‍ (എന്‍.സി.പി), ഇ.പി.ആര്. വേശാല (കോണ്‍ഗ്രസ് എസ്), സ്കറിയ തോമസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളായിരിക്കും. കാനം രാജേന്ദ്രന് നയിക്കുന്ന ജാഥയില്‍ എ. വിജയരാഘവന് (സി.പി.എം), ജോര്‍ജ് തോമസ് (ജനതാദള്‍ എസ്), അഡ്വ. ബാബു കാര്ത്തികേയന് (എന്‍.സി.പി), ഉഴമലയ്ക്കല്‍ വേണുഗോപാലന്‍ (കോണ്‍ഗ്രസ് എസ്), പി.എം. മാത്യു (കേരള കോണ്‍ഗ്രസ് സ്കറിയ) എന്നിവര്‍ അംഗങ്ങളായിരിക്കും.
ജനരക്ഷാ യാത്ര നടത്തിയ ബി.ജെ.പിക്ക് ശക്തമായ മറുപടി നൽകുകയാണ് യാത്രയുടെ പ്രധാന ഉദ്ദേശം. വര്‍ഗ്ഗീയതക്കും കേന്ദ്രസര്‍ക്കാറിന്‍റെ ജന ദ്രോഹ നയങ്ങൾക്കും എതിരെ മാത്രമല്ല അമിത് ഷാ അടക്കം ബി.ജെ.പി നേതാക്കൾ സംസ്ഥാന സര്‍ക്കാറിനെതിരെ ഉന്നയിച്ച വികസനമില്ലാ വാദങ്ങൾക്കെതിരെയും ശക്തമായ ആശയ പ്രചരണമാണ് ജാഥയുടെ ലക്ഷ്യമെന്നാണ് ഇടത് മുന്നണിയുടെ അവകാശ വാദം. അക്രമമല്ല പകരം പ്രകോനങ്ങൾക്കെതിരെ ജനകീയ ചെറുത്ത് നിൽപ്പാണ് ഉദ്ദേശിക്കുന്നതെന്നും മുന്നണി നേതൃത്വം വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.