കൊച്ചി: കേരള ഹൈകോടതി ജഡ്‌ജിയും അഡ്വക്കേറ്റ് ജനറലുമായിരുന്ന ജസ്റ്റിസ് വി. ഭാസ്കരൻ നമ്പ്യാർ (94) അന്തരിച്ചു. എറണാകുളം എളമക്കരയിലെ വസതിയായ രാജീവ് നഗർ കൃഷ്‌ണവർഷയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഇടപ്പള്ളി ശ്മശാനത്തിൽ. പരേതയായ ഗൗരി നമ്പ്യാരാണ് ഭാര്യ. മക്കൾ : അഡ്വ. എം. വിജയകുമാർ, ഹൈകോടതിയിലെ സീനിയർ അഭിഭാഷകൻ രമേഷ് ചന്ദർ, അഡ്വ. രാജ്മോഹൻ, സന്തോഷ് ഭാസ്‌കർ (യു.എസ്.എ), പത്മിനി റാണി (യു.എസ്.എ). മരുമക്കൾ: ഡോ. രൂപ, ഡോ. ലതിക, ഡോ. അന്നപൂർണ, ജയലക്ഷ്‌മി (യു.എസ്.എ), രാമചന്ദ്രൻ മംഗലത്ത് (യു.എസ്.എ).1983 മുതൽ 89 വരെയാണ് ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാർ ഹൈകോടതി ജഡ്‌ജിയായി സേവനമനുഷ്ഠിച്ചത്. 1981 മുതൽ 83 വരെ ഹൈകോടതിയിൽ അഡ്വക്കറ്റ് ജനറലും 1982 -83 കാലഘട്ടത്തിൽ കേരള ബാർ കൗൺസിൽ ചെയർമാനുമായിരുന്നു. വിരമിച്ചശേഷം സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായും സുപ്രീംകോടതിയിലെ കേരളത്തിന്‍റെ സീനിയർ സ്റ്റാൻഡിങ് കൗൺസലായും പ്രവർത്തിച്ചു. കേരള ഉപലോകായുക്തയായും പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂർ താഴെചൊവ്വ വയക്കര പടന്നക്കോടു വീട്ടിൽ 1927 നവംബർ 19നാണ് ജനനം. ബിരുദ പഠനത്തിനുശേഷം മദ്രാസ് യൂനിവേഴ്‌സിറ്റിയിൽനിന്ന് ബി.എൽ പാസായി. 1953ൽ മദ്രാസ് ഹൈകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് കേരള ഹൈകോടതിയിൽ അഭിഭാഷകനായ ഭാസ്‌കരൻ നമ്പ്യാർ നാല് തവണ കേരള സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസലായിരുന്നു. സിവിൽ, സർവിസ് നിയമങ്ങളിൽ ഏറെ വൈദഗ്ധ്യമുള്ള അഭിഭാഷകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.