തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി വീണ്ടും നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കെ-ഫോണ്‍ പദ്ധതി യാഥാർഥ്യമാക്കുമെന്നതാണ് മുഖ്യ പ്രഖ്യാപനങ്ങളിലൊന്ന്. അടുത്ത 100ദിവസത്തിനുള്ളില്‍ 140 നിയമസഭ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്ക് വീതവും 30,000 സര്‍ക്കാര്‍ ഓഫിസുകള്‍ക്കും കെ-ഫോണ്‍ കണക്ഷന് നല്‍കും. ഗ്രാമനഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഒരുക്കാനും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നൽകാനും ലക്ഷ്യമിടുന്നതാണ് കെ-ഫോണ്‍ പദ്ധതി.
ഇടുക്കിയില്‍ എന്‍.സി.സിയുടെ സഹായത്തോടെ നിര്‍മിച്ച എയര്‍ സ്ട്രിപ്പ് നൂറുദിന പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യും. ഭൂരഹിതരായ 15,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. ഭൂമിയുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ സർവേ തുടങ്ങും. ജനങ്ങള്‍ക്ക് ദുരന്തനിവാരണ വിദ്യാഭ്യാസം, ദുരന്തനിവാരണ സാക്ഷരത എന്നിവ നല്കുന്ന പദ്ധതി ആരംഭിക്കും.
ഫെബ്രുവരി 10 മുതല്‍ സർക്കാർ അധികാരത്തിലെത്തിയതിന്റെ വാർഷിക ദിനമായ മേയ് 20 വരെയുള്ള കാലയളവിലെ നൂറുദിന പരിപാടിയില്‍ ആകെ 1,557 പദ്ധതികളും 17,183.89 കോടി രൂപയുടെ വകയിരുത്തലും അടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉന്നത നിലവാരത്തിലുള്ള 53 സ്കൂളുകള്‍ നാടിന് സമര്‍പ്പിച്ചായിരിക്കും രണ്ടാം നൂറുദിന പരിപാടിയുടെ തുടക്കം.
എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍ തുറക്കും.
എല്ലാവരുടെയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.
'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി തുടങ്ങും. 10,000 ഹെക്ടറില്‍ ജൈവകൃഷി.
കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉൽപാദിപ്പിക്കുന്ന പദ്ധതികൾ.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതിയുടെ ഭാഗമായ 1,500 റോഡുകളുടെ ഉദ്ഘാടനം.
പ്രവാസിഭദ്രത പരിപാടി രണ്ടാംഘട്ടം ഉദ്ഘാടനം.
75 പാക്സ് കാറ്റാമറൈന് ബോട്ടുകളുടെ ഉദ്ഘാടനം.
സംസ്ഥാനത്തൊട്ടാകെ വാതില്‍പടി സേവനം.
പ്രവാസികള്‍ക്കുള്ള റിട്ടേണ്‍ വായ്പ പദ്ധതി നടപ്പാക്കും.
മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും പുനര്‍ഗേഹം പദ്ധതി വഴി നിർമിച്ച 532 ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും 100ദിവസത്തിനകം നടത്തും.
വൈദ്യുതി വകുപ്പ് 5,87,000, ജലവിഭവ വകുപ്പ് 3,91,282, തദ്ദേശസ്വയംഭരണ വകുപ്പ് 7,73,669 എന്നിങ്ങനെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും. അതിഥി തൊഴിലാളികള്‍ക്കും ഒരുപങ്ക് ലഭ്യമാകും. ഇതിന് പുറമെ പ്രത്യക്ഷവും പരോക്ഷവുമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ 4,64,714 ആണ്.
ലൈഫ് മിഷന് വഴി 20,000 വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം.
അതിദാരിദ്ര്യ സർവേ മൈക്രോപ്ലാന്‍ പ്രസിദ്ധീകരിക്കും.
സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരള പൊലീസ് അക്കാദമിയില്‍ പൊലീസ് റിസര്‍ച്ച് സെന്റര്‍, മലപ്പുറത്ത് സ്ത്രീ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന് എന്നിവ ഉദ്ഘാടനം ചെയ്യും. പുതിയ 23 പൊലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും.
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കും.
കുട്ടനാട് പാക്കേജ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പഴുക്കാനില കായല്‍ ആഴം കൂട്ടലും വേമ്പനാട് കായലില്‍ ബണ്ട് നിര്‍മാണവും തുടങ്ങും.
കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി, എറണാകുളം ആമ്പല്ലൂര്‍, തിരുവനന്തപുരം കാട്ടാക്കട, നഗരൂര്‍, കൊല്ലം കരീപ്ര കുഴല്‍കിണര്‍ കുടിവെള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
എട്ടുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ 2,500 പഠനമുറികള്‍ ഒരുക്കും.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ശബരിമല ഇടത്താവളങ്ങളുടെ നിർമാണോദ്ഘാടനം നടത്തും.
ഉന്നതവിദ്യാഭ്യാസ വകുപ്പ് 150 വിദ്യാർഥികള്‍ക്ക് നവകേരള ഫെലോഷിപ് വിതരണം ആരംഭിക്കും.
18 വയസ്സ് പൂര്‍ത്തിയായ ഭിന്നശേഷിക്കാര്‍ക്ക് ജീവനോപാധി കണ്ടെത്താനും സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന എംപവര്‍മെന്റ് ത്രൂ വൊക്കേഷനലൈസേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.