കോഴിക്കോട്: മുസ് ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ജലീലിന് സമനില തെറ്റിയെന്ന് മുരളീധരൻ പറഞ്ഞു.
മൂക്കറ്റം അഴിമതിയിൽ മുങ്ങിയ ഒരാളുടെ ജൽപനമായി മാത്രം കണ്ടാൽ മതി. ബന്ധു നിയമനം സംബന്ധിച്ച് നിയമസഭയിൽ താൻ അടിയന്തര പ്രമേയം കൊണ്ടു വന്നിരുന്നു. ബന്ധു നിയമനത്തെ ന്യായീകരിച്ച് സഭയിൽ ജലീൽ പറഞ്ഞ കാര്യങ്ങൾ സുപ്രീംകോടതി വരെ തള്ളിക്കളഞ്ഞു.
രാഷ്ട്രീയത്തിൽ അൽപം സംസ്കാരം കാണിക്കണം. സുഹൃത്തായ ജലീൽ അത് കാണിക്കാത്തിൽ ദുഃഖമുണ്ട്. ചേരാത്ത കുപ്പായമാണ് ജലീൽ ധരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാവിക്ക് അത് ദോഷം ചെയ്യുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം എ.ആർ. നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് മുസ് ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ടി ജലീൽ രംഗത്തെത്തിയത്. ബാങ്ക് ക്രമക്കേടിന്‍റെ ആദ്യ രക്തസാക്ഷിയാണ് കണ്ണൂരിലെ അന്തരിച്ച ലീഗ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അബ്ദുൽ ഖാദർ മൗലവിയെന്നാണ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ജലീൽ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.