കണ്ണൂർ: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. തരൂർ നല്ല മനുഷ്യനും പാണ്ഡിത്യമുള്ള വ്യക്തിയുമാഎന്നും എന്നാൽ സംഘടനാ കാര്യങ്ങളിൽ തരൂരിന് പാരമ്പര്യമില്ലെന്നും കെ. സുധാകരൻ പറഞ്ഞു. ഒരു ട്രെയിനി ഒരു ഫാക്ടറിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് പോലെയാണ് തരൂർ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കെ. സുധാകരൻ ശശി തരൂരിന്‍റെ സ്ഥാനാർഥിത്വത്തെ വിമർശിച്ചത്. ജനാധിപത്യ പാർട്ടിയിൽ നയിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡം. തരൂർ ഒരു നല്ല മനുഷ്യനാണ്, പാണ്ഡിത്യമുള്ള വ്യക്തിയാണ്. എന്നാൽ സംഘടനാ കാര്യങ്ങളിൽ തരൂരിന് പാരമ്പര്യമില്ല. ഞാൻ കെ.പി.സി.സി പ്രസിഡന്‍റായത് പ്രവർത്തിച്ച് ഉയർന്ന് വന്നതിന് ശേഷമാണ് -സുധാകരൻ പറഞ്ഞു.
രാഷ്ട്രീയ മണ്ഡലത്തിൽ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണ്. അദ്ദേഹം ബുദ്ധിമാനും കഴിവുള്ളവനുമാണ്, എന്നാൽ ഒരു പാർട്ടിയെ നയിക്കാൻ ആ ഗുണങ്ങൾ മാത്രം പോരാ. പ്രായം ഒരു ഘടകമല്ല, അനുഭവമാണ് പ്രധാനം. ഞാൻ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ദേശീയ അധ്യക്ഷൻ എന്ന വലിയ ഉത്തരവാദിത്തമുള്ള സ്ഥാനത്തിന്, പ്രത്യേകിച്ച് കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ അനുഭവപരിചയം വളരെ പ്രധാനപ്പെട്ട ഘടകമാണ്. പ്രായോഗികമായി, പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് അസാധ്യമാണ്. ഒരു ട്രെയിനി ഒരു ഫാക്ടറിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് പോലെയാണ് ഇത് -സുധാകരൻ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.