ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് എഴുതിയ കത്തിനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിക്കുകയാണെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.
വയനാട്ടുകാർക്ക് കത്തെഴുതിയതിന് പിന്നിൽ പൊളിറ്റിക്കൽ ഗിമ്മിക്കാണ്. വയനാട് തന്‍റെ രണ്ടാം വീടും കുടുംബവുമാണെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ പ്രസ്താവനക്ക് പിന്നിലെ ഉദ്ദേശം വ്യക്തമാണ്. സഹോദരിയെ വയനാട്ടിലേക്ക് കൊണ്ടുവന്നു.
തന്‍റെ കുടുംബാംഗങ്ങൾക്ക് വേണ്ടി ഇതെല്ലാം പറയുന്നു. എന്നാൽ പൊളിറ്റിക്കൽ ഗിമ്മിക്ക് ജനം വിശ്വസിക്കില്ല. രാഹുൽ നടത്തിയ പല പ്രസ്താവനകളിലും സത്യമില്ലെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെ നിന്ന് സംരക്ഷണം നൽകിയ വയനാട്ടുകാർക്ക് രാഹുൽ ഗാന്ധി കത്തെഴുതിയത്. ഏറെ ഹൃദയ വേദനയോടെയാണ് വയനാട്ടിലെ മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും എന്നും കൂടെയുണ്ടാകുമെന്നും രാഹുൽ കത്തിൽ പറയുന്നു.
മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് മണ്ഡലം ഒഴിയാനുള്ള തീരുമാനം പറയുമ്പോൾ എന്റെ കണ്ണിലെ സങ്കടം നിങ്ങൾ കണ്ടിരിക്കും. അഞ്ച് വർഷം മുമ്പാണ് ഞാൻ നിങ്ങളെ കണ്ടത്. നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ അഭ്യർഥിക്കാനായിരുന്നു അന്ന് ഞാൻ വന്നത്. ഞാൻ നിങ്ങൾക്ക് അപരിചിതനായിരുന്നു. എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിച്ചു. അവാച്യമായ സ്നേഹത്തോടെയും വാൽസല്യത്തോടെയും എന്നെ സ്വീകരിച്ചു. നിങ്ങൾ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ നിങ്ങൾ ഏത് സമുദായത്തിൽ നിന്നുള്ളയാളാണ്, ഏത് മതത്തിൽ വിശ്വസിച്ചെന്നോ ഏത് ഭാഷ സംസാരിച്ചുവെന്നതോ പ്രശ്നമായിരുന്നില്ല -രാഹുൽ തുടർന്നു.
ഓരോ ദിവസവും ഞാൻ അധിക്ഷേപം നേരിട്ടപ്പോൾ നിങ്ങളുടെ നിരുപാധികമായ സ്നേഹം എന്നെ സംരക്ഷിച്ചു. നിങ്ങൾ എന്റെ അഭയവും വീടും കുടുംബവുമായിരുന്നു. നിങ്ങൾ എന്നെ സംശയിച്ചതായി ഒരു നിമിഷം പോലും എനിക്ക് തോന്നിയിട്ടില്ല. പ്രളയകാലത്ത് കണ്ടത് താൻ ഒരിക്കലും മറക്കില്ലെന്നും രാഹുൽ പറഞ്ഞു.
എല്ലാം നഷ്ടമായ കുടുംബങ്ങൾ... ജീവനും സ്വത്തും സുഹൃത്തുക്കളും നഷ്ടമായവർ. എന്നിട്ടും നിങ്ങളിൽ ഒരാൾ പോലും നിങ്ങളുടെ ഔന്നത്യം കൈവെടിഞ്ഞില്ല. നിങ്ങൾ എനിക്ക് നൽകിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും ഞാൻ എന്നും ഓർമിക്കും. നിങ്ങൾ ഓരോരുത്തരും ആത്മാർഥമായ സ്നേഹവും ആർദ്രതയും എനിക്ക് നൽകി. ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ ചെറിയ പെൺകുട്ടികൾ എന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുന്ന ധൈര്യവും സൗന്ദര്യവും ആത്മവിശ്വാസവും ഞാൻ എങ്ങനെ മറക്കും.
പാർലമെന്റിൽ നിങ്ങളുടെ ശബ്ദമാകാൻ കഴിഞ്ഞത് ശരിക്കും സന്തോഷവും അഭിമാനവുമായിരുന്നു. എന്നും രാഹുൽ കുറിപ്പിൽ പറയുന്നു. തന്നെ സ്വീകരിച്ചതു പോലെ തന്റെ സഹോദരി പ്രിയങ്കയെയും സ്വീകരിക്കണമെന്നും എന്നും നിങ്ങളുടെ ഒപ്പമുണ്ടാകുമെന്നും പറഞ്ഞാണ് രാഹുൽ കത്ത് അവസാനിപ്പിക്കുന്നത്.
പാർലമെന്റിൽ നിങ്ങളുടെ ശബ്ദമാകാൻ കഴിഞ്ഞത് ശരിക്കും സന്തോഷവും അഭിമാനവുമായിരുന്നു. എനിക്ക് സങ്കടമുണ്ട്. പക്ഷെ ഞാൻ ആശ്വസിക്കുന്നു. കാരണം നിങ്ങളെ പ്രതിനിധീകരിക്കാൻ എന്‍റെ സഹോദരി പ്രിയങ്ക ഉണ്ടാകും. നിങ്ങൾ അവർക്ക് അവസരം നൽകാൻ തീരുമാനിച്ചാൽ, നിങ്ങളുടെ എം.പി എന്ന നിലയിൽ മികച്ച ജോലി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
റായ്ബറേലിയിൽ ജനങ്ങളിൽ എനിക്ക് സ്നേഹമുള്ള ഒരു കുടുംബമുണ്ട്. നിങ്ങളെ പോലെ ഞാനെന്നും ആഴത്തിൽ വിലമതിക്കുന്ന ഒരു ബന്ധവുമുണ്ട് എന്നതിലും എനിക്ക് ആശ്വാസമുണ്ട്. നിങ്ങളോടും റായ്ബറേലിയിലെ ജനങ്ങളോടുമുള്ള എന്‍റെ പ്രതിബദ്ധത രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും നമ്മൾ ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തും എന്നുള്ളതാണ്.
നിങ്ങൾ എനിക്കായി ചെയ്തതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ നിങ്ങൾ നൽകിയ സ്നേഹത്തിനും സംരക്ഷണത്തിനും ഉൾപ്പെടെ. നിങ്ങൾ എന്‍റെ കുടുംബത്തിന്‍റെ ഭാഗമാണ്, നിങ്ങൾ ഓരോരുത്തർക്കും ഒപ്പം എന്നും ഞാനുണ്ടാകുമെന്നും രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.