തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരങ്ങളെ സംസ്ഥാന സർക്കാർ അപമാനിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാർ കായിക താരങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. കായിക താരങ്ങൾക്ക് പരസ്യമായി പ്രതികരിക്കേണ്ടി വന്നത് ഗതികേട് കൊണ്ടാണ്.
സംഭവത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. കായിക താരങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനം മാതൃകയാക്കാൻ സംസ്ഥാനം തയ്യാറാവണം. നരേന്ദ്രമോദി സർക്കാർ കായിക മേഖലയ്ക്ക് മികച്ച പരിഗണനയും സൗകര്യവും ഒരുക്കിയത് കൊണ്ടാണ് ഏഷ്യൻഗെയിംസിൽ ഭാരതത്തിന് ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ചത്. യു.പി.എ സർക്കാരിന്റെ കാലത്ത് രാജ്യത്തെ കായിക താരങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവം നമ്മുടെ മുമ്പിലുണ്ട്.
സംസ്ഥാന സർക്കാരാവട്ടെ പ്രഖ്യാപിക്കുന്ന പാരിതോഷികങ്ങൾ പോലും നൽകാതെ കായിക താരങ്ങളെ പറ്റിക്കുകയാണ്. രാജ്യാന്തര ബാഡ്മിന്റൻ താരം എച്ച്.എസ് പ്രണോയ്, ട്രിപ്പിൾ ജംപ് രാജ്യാന്തര താരങ്ങളായ എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ എന്നിവർ കേരളം വിടുമെന്ന് പ്രഖ്യാപിച്ചത് സർക്കാരിന്റെ സമീപനം കാരണമാണ്. മറ്റ് സംസ്ഥാനങ്ങൾ കായിക താരങ്ങൾക്ക് മുന്തിയ പരിഗണന നൽകുമ്പോഴാണ് കേരളത്തിന്റെ അവഗണ എന്നതാണ് ശ്രദ്ധേയം.
കേരളത്തിന്റെ കായികമേഖലയെ നശിപ്പിക്കുന്ന നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ മാറി നിൽക്കണം. പാർട്ടിക്കാർക്കും അനർഹർക്കും പിൻവാതിൽ നിയമനം നൽകുന്ന പിണറായി സർക്കാർ അഞ്ചുവർഷമായി അർഹരായ കായിക പ്രതിഭകളെ ജോലി നൽകാതെ പറ്റിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.