കൽപറ്റ: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) എഴുതിയവർ ജില്ല വിദ്യാഭ്യാസ ഓഫിസുകളിൽ നേരിട്ടെത്തി യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് സമർപ്പിക്കണമെന്ന നിബന്ധന പരീക്ഷാർഥികൾക്ക് ദുരിതമാവുന്നു. ഇത്തവണത്തെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെ വിജയികൾ വിജ്ഞാപനത്തിൽ നിഷ്കർഷിക്കുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അവരവരുടെ പരീക്ഷാേകന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ല വിദ്യാഭ്യാസ ഒാഫിസിൽ ഹാജരാകണം. മറ്റൊരു യോഗ്യത പരീക്ഷക്കും ഇല്ലാത്ത വെരിഫിക്കേഷൻ നടപടിക്രമങ്ങളാണ് കെ-ടെറ്റിനുള്ളതെന്നാണ് ആക്ഷേപം. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ നിയമനം േനടുന്നവരുടെ സർട്ടിഫിക്കറ്റുകൾ പലതവണ പരിശോധിക്കപ്പെടുമെന്നിരിക്കെ കെ–ടെറ്റ് സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തിനാണ് യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് എന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്. യു.ജി.സി നെറ്റിനും സി-ടെറ്റിനും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കെ-ടെറ്റ് പരീക്ഷ നോട്ടിഫിക്കേഷനിലും റിസൽട്ട് പ്രഖ്യാപിക്കുമ്പോഴും വെരിഫിക്കേഷൻ ഷെഡ്യൂൾ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ല. ഒാരോ വിദ്യാഭ്യാസ ജില്ലയും ഒാരോ സമയത്താണ് വെരിഫിക്കേഷന് സമയം അനുവദിക്കുന്നത്. തീയതി തീരുമാനിക്കുന്നതിന് കൃത്യമായ മാനദണ്ഡമില്ലാത്തതിനാൽ ഫലം വരുന്നതുമുതല്‍ ഇത് അന്വേഷിച്ചുനടക്കേണ്ടിവരുന്നു. പരീക്ഷയെഴുതിയ വിദ്യാഭ്യാസ ജില്ലയിൽ മാത്രമേ വെരിഫിക്കേഷൻ നടത്താൻ സാധിക്കൂവെന്നതിനാൽ ഇതര ജില്ലകളിലാണ് താമസമെങ്കിൽ ചിലപ്പോൾ തീയതി അറിഞ്ഞെന്നുവരില്ല. പരീക്ഷഭവൻ വെബ്സൈറ്റിലോ അപേക്ഷകരുടെ പ്രൊഫൈലിലോ ഇതുമായി ബന്ധപ്പെട്ട വിവരം നൽകുന്നുമില്ല. പി.എസ്.സി മാതൃകയിൽ മൊബൈൽ ഫോണിൽ എസ്.എം.എസ് ആയോ ഇ-മെയിൽ ആയോ കത്ത് മുഖേനയോ അറിയിക്കാനും നിലവിൽ സംവിധാനമില്ലാത്തത് പരീക്ഷയെഴുതിയവർക്ക് തിരിച്ചടിയാണ്. നിശ്ചിത സമയത്ത് വെരിഫിക്കേഷന് ഹാജരാകാത്തവർക്ക് പിന്നീട് അവസരം ലഭിക്കാൻ പലതവണ ഓഫിസുകൾ കയറിയിറങ്ങേണ്ടിവരുന്നു.
ഇത്തവണ നാല് കാറ്റഗറികളിലായി 72,229 പേർ പരീക്ഷയെഴുതിയതിൽ 19,588 പേർ കെ-ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. വരുംദിനങ്ങളിൽ ഇവരൊക്കെ സർട്ടിഫിക്കറ്റ് പരിശോധനക്കായി ജില്ല വിദ്യാഭ്യാസ ഓഫിസുകളിൽ ഈ കോവിഡ് കാലത്തും ഹാജരാകേണ്ടിവരും. കെ-ടെറ്റ് യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന നടപടി ഒഴിവാക്കുകയോ ഓൺലൈനായി ചെയ്യാനുള്ള സൗകര്യമൊരുക്കുകയോ വേണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.