കടകംപള്ളി വനിത സൗഹൃദ കേന്ദ്രം: ഒന്നരകോടി ചെലവഴിച്ചിട്ടും നിർമാണം പുർത്തീകരിച്ചില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : കടകംപള്ളി വനിത സൗഹൃദ കേന്ദ്രം നിർമാണത്തിന് തിരുവനന്തപുരം നഗരസഭ ഒന്നരകോടി ചെലവഴിച്ചിട്ടും പുർത്തീകരിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആഗസ്റ്റ് 2022 ൽ ഓഡിറ്റ് സംഘം നടത്തിയ സംയുക്ത സ്ഥല പരിശോധനയിൽ കെട്ടിടം ഉപയോഗയോഗ്യമാക്കാനുള്ള പ്ലംമ്പിങ് പൂർത്തികരണം, മുറികൾ, ഇലക്ട്രിഫിക്കേഷൻ എന്നിവയൊന്നും ചെയ്തിട്ടില്ല. തുടർന്ന് നിർമാണം പൂർത്തീകരിച്ച് കെട്ടിടം ഉപയോഗിക്കാൻ വീണ്ടും പദ്ധതി രൂപീകരിക്കണമെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.

2017-18 ൽ വനിത ഘടക പദ്ധതിയിൽനിന്നാണ് 1.25 കോടി രൂപ അനുവദിച്ചത്. എന്നാൽ, പൊതുമരാമത്ത് ചട്ടങ്ങൾ അനുശാസിക്കുന്ന രീതിയിൽ സൈറ്റ് സ്ഥിതി മനസിലാക്കി കൃത്യമായി എസ്റ്റിമേറ്റ് തയാറാക്കിയില്ലെന്നും കണ്ടെത്തി. പദ്ധതി തുടങ്ങിയ എഞ്ചീനിയറിങ് വിഭാഗത്തിന്റെ അശ്രദ്ധ കാരണമാണ് കെട്ടിടം ഉപകാരപ്രദമല്ലാതെ തുടരുന്നത്. പ്രൊജക്ട് സൈറ്റിനെ കുറിച്ച് പഠിക്കുന്നതിനു മുമ്പ് കരാറിൽ ഏർപ്പെടുവാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

രേഖകൾ പ്രകാരം പദ്ധതിക്ക് സാങ്കേതിക അനുമതി കോർപ്പറേഷൻ എഞ്ചീനിയർ നൽകി. ടി.ശശിധരനുമായി 2018 ജൂലൈ 26ന് കരാർ ഒപ്പുവെച്ചു. എസ്റ്റിമെറ്റ് തയാറാക്കിയത് പ്രകാരം മൂന്നു നിലയാണ് കെട്ടിടം. ഒരോ നിലയിലും ഒറ്റ ഹാൾ നിർമിച്ച്, ഹാളിൽ രണ്ട് ടോയ്‍ലെറ്റുകൾ വീതമുള്ള ഒരു ബ്ലോക്ക് നിർമിച്ച് ചുവരുകൾ പെയിന്റ് ചെയ്ത് തറയിൽ ടൈൽസ് പാകി കതകുകൾ വെച്ച് കെട്ടിടം പൂർണമായി നിർമിക്കണം എന്നായിരുന്നു കരാർ.

എന്നാൽ കരാർ വെച്ചതിന് ശേഷം മാത്രമാണ് ഭൂമിയുടെ സ്ഥിതി മനസിലാക്കാൻ മണ്ണ് പരിശോധന എഞ്ചിനീയറിങ് കോളജിനെ ഏൽപ്പിച്ചത്. അവർ നൽകിയ റിപ്പോർട്ട് പ്രകാരം ഇവിടുത്തെ മണ്ണിന് ബലമില്ല. അതിനാൽ രണ്ട് മീറ്റർ ആഴത്തിൽ മണൽ ഫില്ല് ചെയ്തേ കെട്ടിടം നിർമിക്കാൻ സാധിക്കുവെന്നാണ്. അതോടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്തു.

പുതുക്കിയ എസ്റ്റിമേറ്റിൽ ഒറിജിനൽ എസ്റ്റിമേറ്റിലെ 10 ഇനങ്ങളിലും 30 ശതമാനം മുതൽ 200 ശതമാനം വരെ വർധനവ് ഉണ്ടായി. എസ്റ്റിമേറ്റ് പൂർണമായി മാറ്റിയതുമൂലം ആകെ 1.125 കോടി രൂപക്ക് കെട്ടിടത്തിന്റെ സ്ട്രക്ചർ മാത്രമെ നിർമിക്കാൻ 2021 മാർച്ച് വരെ സാധിച്ചിട്ടുള്ളൂ.

അതിനാൽ വീണ്ടും 50 ലക്ഷം രൂപ അടങ്കൽ തുകയിൽ കെട്ടിട പൂർത്തികരണത്തിനായി 2021-22-ൽ അനുമതി നൽകി. കെട്ടിടം പൂർത്തീകരിച്ച് പാർട്ടീഷൻ, കതകുകൾ എന്നീ പ്രവർത്തി ചെയ്ത് ഹാളിനെ മുറികളായി തിരിച്ച് കെട്ടിടം ഉപയോഗയോഗ്യമാക്കാൻ ആണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ടെണ്ടർ ക്ഷണിച്ച കെ.മോഹനനുമായി കരാർ ഉറപ്പിച്ചു.

എന്നാൽ കരാർ ഉറപ്പിച്ചശേഷം പെയിന്റിങ്, പ്ലാസ്റ്ററിങ് എന്നിവക്ക് ആവശ്യമായ ചില ഘടകങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ വിട്ടുപോയെന്ന് എഞ്ചിനീയറിങ് വിഭാഗം തിരിച്ചറിഞ്ഞു. എസ്റ്റിമേറ്റ് റിവൈസ് ചെയ്യാൻ വീണ്ടും

കൗൺസിലിന്റെ അനുമതി തേടി. റിവൈസ് ചെയ്ത എസ്റ്റിമേറ്റ് പ്രകാരം 36.88 ലക്ഷം രൂപക്ക് 2022 മാർച്ച് 17ന് പൂർത്തികരിച്ചു. അപ്പോഴും ഒറിജിനൽ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയ പാർട്ടിഷൻ, കതകുകൾ എന്നിവയെല്ലാം ഒഴിവാക്കിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. എഞ്ചിനീയറിങ് വിഭാഗത്തി ന്റെ കെടുകാര്യസ്ഥത കാരണം 1.50 കോടി രൂപ ഉപകാരപ്രദമല്ലാതെ തുടരുന്നുവെന്നാണ് ഓഡിറ്റിന്റെ നിരീക്ഷണം.   

Tags:    
News Summary - Kadakampally Women's Friendly Center: Reportedly, construction was not completed despite spending one and a half crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.