തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി പിടിയിലായി. തിരുവനന്തപുരം മലയം സ്വദേശി അമ്പിളി (ചൂഴാറ്റുകോട്ട അമ്പിളി)യാണ് പൊലീസ് പിടികൂടിയത്. പാപ്പനംകോട് കരമന സ്വദേശിയായ എസ്. ദീപുവിനെ (44) കൊലപ്പെടുത്തിയ കേസിലാണ് നടപടി. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്.
തമിഴ്നാട് മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഉള്ളത്. ചോദ്യംചെയ്യൽ തുടരുകയാണ്.
കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ ദീപുവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കാറിന്‍റെ മുൻ സീറ്റിൽ ദീപുവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു പോവാൻ ഇറങ്ങിയതായിരുന്നു ദീപു. കാറിലുണ്ടായിരുന്ന പണം നഷ്ടമായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.
പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴിനൽകിയിരുന്നു. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.